എക്സിറ്റ്പോള്‍ ഫലത്തിനു പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്

എന്‍ഡിഎ സര്‍ക്കാറിന് തുടര്‍ ഭരണം എന്ന എക്സിറ്റ് പോള്‍ ഫലം വന്നതിനു പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. സെന്‍സക്സ് 962.12 പോയിന്റ് ഉയര്‍ന്ന് 38,892.89ലും നിഫ്റ്റി 286.95 പോയിന്റ് ഉയര്‍ന്ന് 11,694.10ലും ആണു വ്യാപാരം തുടരുന്നത്. വ്യാപാരം പുരോഗമിക്കുമ്പോള്‍, സാമ്പത്തിക സര്‍വീസുകള്‍,ഓട്ടോ,ബാങ്കിങ്, മെറ്റല്‍ ഓഹരികളാണ് നേട്ടം കൊയ്യുന്നത്.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ ദേശീയ തലത്തിലുള്ള പത്ത് ഏജന്‍സികളുടെ സര്‍വ്വേഫലങ്ങളില്‍ ഒന്‍പതും സൂചിപ്പിക്കുന്നത് എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും എന്നുള്ളതാണ്.

2014ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 336 സീറ്റും യുപിഎ 58 സീറ്റും മറ്റു കക്ഷികള്‍ 149 സീറ്റുമാണു നേടിയത്. 2014ല്‍ 7 എക്സിറ്റ് പോള്‍ സര്‍വേകളില്‍ ആറിലും എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചിരുന്നു. എന്നാല്‍ രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കടുത്ത തിരിച്ചടി നേടുമെന്നുമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന.