ചെയര്‍മാന്‍ കസേരയ്ക്ക് വേണ്ടി കേരളാ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം
കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പദവിയെ ചൊല്ലി ജോസ് കെ മാണിയും പി ജെ ജോസഫും തമ്മിലുള്ള പോര് കടുക്കുന്നു. സമവായത്തിലൂടെ പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന പി ജെ ജോസഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, സംസ്ഥാന കമ്മറ്റിയില്‍ തെരഞ്ഞെടുപ്പ് വേണമെന്ന നിലപാടുമായി ജോസ് കെ മാണി രംഗത്തെത്തി. പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ വിഭാഗീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും ജോസ് കെ മാണി തുറന്നടിച്ചു.
കോട്ടയത്ത് നടന്ന കെ എം മാണി അനുസ്മരണത്തിന് ശേഷമാണ് ജോസ് കെ മാണി പക്ഷം നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്. ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സമവായം ഉണ്ടാകണമെന്നാണ് എല്ലാവരുടേയും അഭിപ്രായം. സമവായം ഉണ്ടായാലും സംസ്ഥാന കമ്മറ്റിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമാണ് ജോസ് കെ മാണി മുന്നോട്ടുവെച്ചത്.
അതേസമയം ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് സമവായമുണ്ടായില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റി വിളിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്ന് ജോസ് കെ മാണി പറഞ്ഞു . പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തില്ലെന്ന് ജോസ് കെ മാണി വിശദമാക്കി.
അതേസമയം സംസ്ഥാന കമ്മറ്റിക്ക് മുമ്പ് മറ്റ് കമ്മറ്റികള്‍ വിളിക്കണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെട്ടു. സംസ്ഥാന സമിതി വിളിക്കണമെന്ന ആവശ്യത്തില്‍ തെറ്റില്ലെന്നും തര്‍ക്കം സമവായത്തിലൂടെ പരിഹരിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.
സംസ്ഥാന സമിതി വിളിക്കണമെന്ന ചിലരുടെ ആവശ്യത്തില്‍ തെറ്റില്ലെന്നും, എന്നാല്‍ അതിനു മുന്‍പ് മറ്റു പല സമിതികളും ചേരുമെന്നും മാണി അനുസ്മരണ യോഗ ശേഷം ജോസഫ് വ്യക്തമാക്കി. പ്രശ്നങ്ങള്‍ സമവായത്തിലൂടെ രമ്യമായി പരിഹരിക്കുമെന്ന് ജോസഫ് ആവര്‍ത്തിച്ചു. തൊട്ടു പിന്നാലെയാണ് ജോസഫിനെ തള്ളി ജോസ് കെ മാണി രംഗത്തെത്തിയത്. കെ എം മാണിയുടെ അനുസ്മരണ പരിപാടിയാണ് സംഘടിപ്പിച്ചതെങ്കിലും ജോസ് കെ മാണി പക്ഷം ചടങ്ങ് ശക്തിപ്രകടനമാക്കി. മുദ്രാവാക്യം വിളികളോടെയാണ് ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ജോസ് കെ മാണിയെ എതിരേറ്റത്.
സംസ്ഥാന കമ്മിറ്റി വിളിക്കുന്ന തീരുമാനം പിജെ ജോസഫ് നീട്ടിക്കൊണ്ടു പോയാല്‍ വരും ദിവസങ്ങളില്‍ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ കനത്തേക്കും. പാര്‍ട്ടിയിലെ മേല്‍ക്കൈ ഉപയോഗിച്ച് മാണി പക്ഷം ജോസ് കെ മാണിയുടെ കിരീടധാരണം നടത്തിയെടുത്തേക്കും. ഇതോടെ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് ഏറുന്നത്.