ഫലം അറിയുന്നതിന് മുന്നേ എൻഡിഎ 2.0 സർക്കാരിനൊരുങ്ങി ബിജെപി

ഫലം അറിയുന്നതിന് മുന്നേ എക്‌സിറ്റ് പോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ എന്‍ഡിഎ – 2 സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഇന്നലെ രാത്രി ദില്ലിയില്‍ നടന്ന എന്‍ഡിഎ സഖ്യകക്ഷിയോഗത്തില്‍ പുതിയ സര്‍ക്കാരിന്റെ നയരൂപീകരണത്തിന്റെ ബ്ലൂപ്രിന്റില്‍ ഒപ്പു വച്ചു.

ഇന്നലെ രാത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ദില്ലി അശോക ഹോട്ടലില്‍ നടത്തിയ യോഗത്തിലും പിന്നീട് ഒരുക്കിയ വിരുന്നിലും 36 എന്‍ഡിഎ സഖ്യകക്ഷികളുടെ പ്രതിനിധികള്‍ നേരിട്ട് പങ്കെടുത്തു. മൂന്ന് സഖ്യകക്ഷികള്‍ പിന്തുണ അറിയിച്ച് കത്ത് നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.

എക്‌സിറ്റ് പോളുകളില്‍ നിന്ന് ലഭിച്ച ട്രെന്‍ഡുകളുടെ അടിസ്ഥാനത്തില്‍, കഴിഞ്ഞ ഭരണകാലത്തെ നയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് പുതിയ ബ്ലൂപ്രിന്റ് തയ്യാറാക്കിയിരിക്കുന്നത്. പുതിയ എന്‍ഡിഎ സര്‍ക്കാരിന്റെ നയങ്ങളുടെ കേന്ദ്രബിന്ദുക്കള്‍ മൂന്നാണ്: ദേശീയത, ദേശസുരക്ഷ, വികസനം. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം പുതിയ നയത്തിലും ആവര്‍ത്തിക്കുന്നു. സാധാരണക്കാര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ക്കുള്ള ഊന്നലും നയങ്ങളിലുണ്ട്.

”കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ജനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ഇനി വികസനത്തിന്റെ വേഗം കൂട്ടാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും”, രാജ്‌നാഥ് സിംഗ് പറഞ്ഞു. ”ഇത് ആരെയും തോല്പിക്കാനുള്ള തെരഞ്ഞെടുപ്പായിരുന്നില്ല. തനിക്കിത് ആത്മീയ യാത്രയായിരുന്നു” എന്നാണ് മോദി യോഗത്തില്‍ പറഞ്ഞത്. 24, 25 തീയതികളിലായി മന്ത്രിമാര്‍ മണ്ഡലങ്ങളില്‍ നിന്ന് ദില്ലിയില്‍ തിരിച്ചെത്തണം എന്നും മോദി നിര്‍ദ്ദേശം നല്‍കി.

ദില്ലിയില്‍ കരുനീക്കങ്ങളുമായി പ്രതിപക്ഷ കക്ഷികള്‍ സജീവമായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ബിജെപി ആസ്ഥാനത്ത് നടന്ന യോഗത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് മോദി നന്ദി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ക്രിയാത്മകമായി പ്രതികരിച്ചെന്ന് മോദി പറഞ്ഞു.