ശബരിമലയുടെ പേരില്‍ വോട്ടു പിടിച്ചിട്ടും കേരളത്തില്‍ താമര വിരിഞ്ഞില്ല

ശബരിമല വിഷയം ചര്‍ച്ചയാക്കി ഉറച്ച വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന പത്തനംതിട്ടയിലും തിരുവനന്തപുരത്തും നേരിട്ട തിരിച്ചടിയിൽ ഞെട്ടി ബി.ജെ.പി. ദേശീയ തലത്തില്‍ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്താന്‍ പോകുന്ന സീറ്റുകള്‍ നേടിയ ബി.ജെ.പിക്ക് ഇത്തവണയും കേരളത്തില്‍ അക്കൗണ്ട് തുറക്കാനായില്ല.

ശബരിമല സുവര്‍ണാവസരമാക്കി പത്തനംതിട്ടയിലും കഴിഞ്ഞ തവണ രണ്ടാമതെത്തിയ തിരുവനന്തപുരത്തും സീറ്റ് നേടാമെന്നായിരുന്നു ബി.ജെ.പി ക്യാംപിന്റെ കണക്കുകൂട്ടല്‍. ഏഷ്യാനെറ്റ് അടക്കമുള്ള മുഖ്യധാരാ ചാനലുകള്‍ തിരുവനന്തപുരത്ത് വിജയിക്കുമെന്നും പത്തനംതിട്ടയില്‍ വിജയസാധ്യതയെന്നും പ്രവചിച്ചിരുന്നു.

414057 വോട്ട് നേടി യു.ഡി.എഫിന്റെ ശശി തരൂര്‍ ഒന്നാമതെത്തിയപ്പോള്‍ 313925 വോട്ട് നേടി കുമ്മനം രണ്ടാമതും 256470 വോട്ട് എല്‍.ഡി.എഫിന്റെ സി.ദിവാകരന്‍ മൂന്നാം സ്ഥാനത്തുമെത്തി.

പത്തനംതിട്ടയില്‍ 380089 വോട്ട് നേടിയാണ് യു.ഡി.എഫിന്റെ ആന്റോ ആന്റണി വിജയം നേടിയത്. രണ്ടാമതെത്തിയ വീണാ ജോര്‍ജ്ജിന് 335476 വോട്ട് കിട്ടിയിട്ടുണ്ട്. സുരേന്ദ്രന്‍ 295627 വോട്ട് നേടിയാണ് മൂന്നാമതുമെത്തിയത്.

കപ്പിനും ചുണ്ടിനുമിടയിലാണ് കഴിഞ്ഞ തവണ ബി.ജെ.പിക്ക് തിരുവനന്തപുരം നഷ്ടമായത്. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലിടത്തും ലീഡ് ചെയ്ത ഒ രാജഗോപാല്‍ അവസാന നിമിഷമാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഏഴ് മണ്ഡലങ്ങളില്‍ നഗര പ്രദേശത്തെ നാലിടത്ത് ഒന്നാംസ്ഥാനത്തെത്തിയിരുന്നു ബി.ജെ.പി. കഴക്കൂട്ടം വട്ടിയൂര്‍കാവ് തിരുവനന്തപുരം നേമം എന്നിവിടങ്ങളിലായിരുന്നു ഒ രാജഗോപാലിന് ലീഡെങ്കില്‍ കുമ്മനത്തിന് ലീഡ് നല്‍കിയത് നേമം മാത്രമാണ്.

കഴക്കൂട്ടവും വട്ടിയൂര്‍കാവും അടക്കം ശക്തികേന്ദ്രങ്ങളില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല . കഴിഞ്ഞ തവണ പതിനെട്ടായിരം വോട്ടിന്റെ ലീഡ് ഉണ്ടായുന്ന നേമത്ത് പകുതി വോട്ട് മാത്രം ലീഡ് പിടിക്കാനെ കുമ്മനത്തിനായുള്ളു.

അടൂര്‍ മണ്ഡലത്തിലൊഴികെ പത്തനംതിട്ടയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തെത്തിയാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത്. അടൂര്‍ മണ്ഡലത്തില്‍ 46,407 വോട്ടുകളാണ് സുരേന്ദ്രന് ലഭിച്ചത്. ഇവിടെ വീണ ജോര്‍ജാണ് ഒന്നാമതെത്തിയത്. ആന്റോ ആന്റണി 45901 വോട്ടു നേടി മൂന്നാം സ്ഥാനത്തുണ്ട്.