സംസ്‌കരിക്കാന്‍ സമ്മതിക്കാതെ സംഘപരിവാര്‍ ; ദളിത് ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം പതിമൂന്ന് ദിവസമായി മോര്‍ച്ചറിയില്‍
സംഘപരിവാര്‍ പ്രവര്‍ത്തകരുടെ തര്‍ക്കം മൂലം ദളിത് ക്രൈസ്തവ സമുദായത്തില്‍പ്പെട്ട സ്ത്രീയുടെ മൃതദേഹം പതിമൂന്നാം ദിവസവും മോര്‍ച്ചറിയില്‍. കൊല്ലം തുരുത്തിക്കര ജെറുസലേം മാര്‍ത്തോമാ പള്ളി ഇടവകാംഗമായ അന്നമ്മയുടെ മൃതദേഹത്തിനാണ് ഈ ദുരവസ്ഥ നേരിട്ടിരിക്കുന്നത്. പള്ളിവക ശ്മശാനം സമീപത്തുള്ള ജലാശയങ്ങളെ മലിനപ്പെടുത്തുന്നെന്ന് ചൂണ്ടിക്കാട്ടി ശാസ്താംകോട്ട സ്വദേശിയുടെ നേതൃത്വത്തില്‍ നാല് കുടുംബങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയും സമീപത്തുള്ള മാര്‍ത്തോമാ പള്ളിയില്‍ മൃതദേഹം അടക്കുന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തതാണ് സംസ്‌കാരം വൈകാന്‍ കാരണം. സംഭവത്തില്‍, ജില്ലാ ഭരണകൂടവും പള്ളിനേതൃത്വവും പഞ്ചായത്ത് അധികൃതരും ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും പ്രശ്‌നം പരിഹാരമില്ലാതെ തുടരുകയാണ്.
മെയ് 13നാണ് അന്നമ്മ മരിച്ചത്. അന്നമ്മയുടെ വീടിനടുത്ത് ശ്മശാനങ്ങളുള്ള രണ്ട് മാര്‍ത്തോമാ പള്ളികളുണ്ട്. അന്നമ്മ ഇടവകാ അംഗമായ പള്ളി ശ്മശാനത്തിലേക്ക് സംസ്‌കാരച്ചടങ്ങുകള്‍ക്കായി മൃതദേഹം എത്തിച്ചപ്പോഴാണ ശാസ്താംകോട്ട സ്വദേശിയായ രാജേഷിന്റെ നേതൃത്വത്തില്‍ ഏതാനും പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്ന്, അന്നമ്മയുടെ ബന്ധുക്കളും ഇവരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. തുടര്‍ന്ന് മൃതദേഹം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രാജേഷ് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകനാണെന്ന് കുന്നത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ ആരോപിക്കുന്നു.
സംഭവം വിവാദമായതോടെ വിഷയം കോടതിയിലും ജില്ലാ കളക്ടറുടെ പരിഗണനയിലും എത്തി. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഡിഎംഒ സംഭവം അന്വേഷിക്കുകയും ജലാശയം മലിനമാകുന്നുവെന്ന പരാതിയില്‍ അടിസ്ഥാനമില്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇരുകൂട്ടര്‍ക്കും തൃപ്തികരമായ രീതിയില്‍ സമവായത്തിലെത്താന്‍ പഞ്ചായത്ത് മുന്നിട്ടിറങ്ങി. എന്നാല്‍ സമവായം ഉണ്ടായില്ല. തുടര്‍ന്നാണ് മൃതദേഹം ഇതുവരെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാനിടയായത്.