ഫ്രാന്‍സിലെ ആദ്യ മലയാളി സ്‌പോര്‍ട്‌സ് ക്ലബിന് ഫ്രഞ്ചുകാരന്‍ പ്രസിഡന്റ്: ജേഴ്‌സി പ്രകാശനം ചെയ്ത് അഡ്വ. ഹരീഷ് വാസുദേവന്‍
പാരിസ്: കേരള ടസ്‌കേഴ്സ് എന്ന പേരില്‍ ഫ്രാന്‍സിലെ ആദ്യ മലയാളി സ്‌പോര്‍ട്‌സ് ക്‌ളബ് രൂപം കൊണ്ടു. ഫുട്‌ബോളിനും, ക്രിക്കറ്റിനും കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ക്ലബ് രൂപീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ എംബസ്സിയില്‍ നടന്ന ചടങ്ങില്‍ ക്‌ളബ്ബിന്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം പൊതുപ്രവര്‍ത്തകനായ അഡ്വ. ഹരീഷ് വാസുദേവന്‍ നിര്‍വ്വഹിച്ചു.
ക്ലബിന്റെ പ്രസിഡന്റായി ഫ്രഞ്ചുകാരനായ ഹെന്റി വിദാല്‍ നിയമിതനായി. ഇത് ആദ്യമാണ് ഒരു ഇന്ത്യന്‍ ക്ലബ്ബിന്റെ അമരത്ത് ഫ്രഞ്ചുകാരന്‍ എത്തുന്നത്. സി.എഫ്.സി ബോര്‍ഡ്ഓസിന്റെ നസിം ആണ് ക്ലബ്ബിന്റെ മുഖ്യ സ്‌പോണ്‍സര്‍.
ജയകൃഷ്ണന്‍ എ.പി (സെക്രട്ടറി), മാധവന്‍ പിള്ളൈ (ട്രെഷറര്‍) എന്നിവരും കോഓര്‍ഡിനേറ്റര്‍ ആയി ജിത്തു ജനാര്‍ദനും, വൈസ് പ്രസിഡന്റായി സംഗീത് കുറുപ്പ്, ജോയിന്റ് സെക്രട്ടറി ആയി കിരണ്‍ മേന്മദത്തില്‍ എന്നിവരെയും തിരഞ്ഞെടുത്തു. വികാസ് മാത്യു ക്രിക്കറ്റ് വിഭാഗത്തിന്റെയും, അബ്രാഹം ഫുട്‌ബോള്‍ ക്ലബ്ബിന്റെയും ചുമതല വഹിക്കും. രാംകുമാര്‍ കുമാര്‍ഗീത മീഡിയ കോഓര്‍ഡിനേറ്റര്‍ ആയിരിക്കും.