സംസ്ഥാനത്തു ഒന്നു മുതല്‍ പ്ലസ് ടു വരെ ഇനി ഒറ്റ ഡയറക്ടറേറ്റിന് കീഴില്‍
സംസ്ഥാനത്ത് ഒന്നു മുതല്‍ പ്ലസ്ടു വരെ ഒരു ഡയറക്ടറേറ്റിനു കീഴില്‍ ആക്കാനുള്ള ശുപാര്‍ശ നാളത്തെ മന്ത്രിസഭാ യോഗം അംഗീകരിക്കും.അക്കാദമിക് മേന്മ ലക്ഷ്യമിട്ടുള്ള ഭരണപരമായ മാറ്റങ്ങളാണ് നടപ്പാക്കുന്നതെന്നും സമരമല്ല സഹകരണമാണ് വേണ്ടതെന്നും വിദ്യാഭ്യാസ മന്ത്രി അധ്യാപക സംഘടനകളോട് ആവശ്യപ്പെട്ടു. എന്നാല്‍ ലയന നീക്കത്തിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ തീരുമാനം.
ഹൈസ്കൂള്‍ -ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഏകീകരണം എല്ലാ വിഭാഗം അധ്യാപക സംഘടനകളുടെയും പിന്തുണയോടെ നടപ്പാക്കാനുളള സര്‍ക്കാര്‍ നീക്കമാണ് പരാജയപ്പെട്ടത്. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പെട്ടെന്നുള്ള ഏകീകരണം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ യോഗത്തില്‍ ഇത് അംഗീകരിച്ചില്ല. ഈ അധ്യയന വര്‍ഷം തന്നെ ഡിപിഐ, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എന്നിവ ഒരു ഡയറക്ടറേറ്റിന് കീഴിലാക്കും. നാളെ മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തോടെ ഉത്തരവിറക്കാനാണ് തീരുമാനം.
പരീക്ഷാ ചുമതലകളും ഏകീകരിച്ച ബോര്‍ഡിന്റെ കീഴിലാകും. ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ സ്കൂള്‍ മേധാവിയാകുമ്പോള്‍ ഹെഡ്മാസറ്റര് വൈസ് പ്രിന്‍സിപ്പലാകും. നിയമനം, ശമ്പള വര്‍ദ്ധനവ്, സ്ഥാനക്കയറ്റം തുടങ്ങിയ കാര്യങ്ങളിലായിരുന്നു ഒരു വിഭാഗം അധ്യാപകരുടെ ആശങ്ക. അധ്യാപകരുടെ ആനുകൂല്യങ്ങളും അവസരങ്ങളും നഷ്ടമാകില്ലെന്ന് യോഗത്തില്‍ വിദ്യാഭ്യാസമന്ത്രി ഉറപ്പ് നല്കി. എന്നാല്‍ ലയനം നടപ്പാക്കി ഉത്തരവിറങ്ങിയാല്‍ പ്രതിഷേധം ശക്തമാക്കുമെന്നാണ് കോണ്‍ഗ്രസ് അനുകൂല പ്രതിപക്ഷ അധ്യാപക സംഘടനകളുടെ മുന്നറിയിപ്പ്.