വ്യാജരേഖാ കേസ് ; സിറോ മലബാര്‍ സഭാ വൈദികര്‍ ചോദ്യം ചെയ്യലിന് ഹാജരാകണം : കോടതി
വ്യാജരേഖാക്കേസില്‍ സിറോ മലബാര്‍ സഭാ വൈദികര്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി. മറ്റന്നാള്‍ മുതല്‍ വൈദികര്‍ ഹാജരാകണം. അതേസമയം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകും വരെ വൈദികരുടെ അറസ്റ്റ് കോടതി തടഞ്ഞു.
സിറോമലബാര്‍ സഭാ വ്യാജരേഖാക്കേസില്‍ ഒന്നാം പ്രതി ഫാദര്‍ പോള്‍ തേലക്കാട്ട് നാലാം പ്രതി ഫാ. ടോണി കല്ലൂക്കാരന്‍ എന്നിവരാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. വൈദികര്‍ക്കെതിരെയുള്ളത് ഗുരുതര ആരോപണമാണെന്നും. അറസ്റ്റ് വേണ്ടി വരുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
അതേസമയം വൈദികര്‍ രേഖകകള്‍ പുറത്ത് വിട്ടില്ലെന്നും, രേഖകളിലുള്ള ജോര്‍ജ് ആലഞ്ചേരിയെന്ന പേര് കര്‍ദ്ദിനാളിന്റെ പേര് തന്നെ ആകണമെന്ന് നിര്‍ബന്ധമില്ലെന്നും പ്രതിഭാഗം വാദിച്ചു.
മൂന്നാം പ്രതി ആദിത്യയെ കസ്റ്റഡിയില്‍ പീഡിപ്പിച്ചാണ് പോലീസ് കുറ്റസമ്മത മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചത്. കേസില്‍ വൈദികര്‍ ഗൂഡാലോചന നടത്തിയതിന് തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചു. മുതിര്‍ന്ന അഭിഭാഷകരായ ബി രാമന്‍പിള്ള, ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരാണ് പ്രതിഭാഗത്തിനായി ഹാജരായത്.
അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദേശിച്ച് കോടതി ഇടക്കാല ഉത്തരവ് നല്‍കി. മറ്റന്നാള്‍ മുതല്‍ 7 ദിവസം, ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് അനുവദിച്ചു. ചോദ്യം ചെയ്യല്‍ 10 മണി മുതല്‍ നാല് മണിവരെ മാത്രമാകണമെന്ന് ഉത്തരവില്‍ പറയുന്നു. അന്വേഷണ സംഘം ആവശ്യപ്പെടുന്ന പക്ഷം ഏഴ് ദിവസവും ഹാജരാകണം.