ബിജെപി നേതൃയോഗത്തില്‍ ശ്രീധരന്‍ പിള്ളയ്ക്ക് രൂക്ഷ വിമര്‍ശനം
ബിജെപി നേതൃയോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ശ്രീധരന്‍പിള്ളയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ചു. പ്രചാരണത്തില്‍ ഏകോപനമുണ്ടായില്ലെന്നും ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനകള്‍ തിരിച്ചടിയായെന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്. രാവിലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ഗ്രൂപ്പുകള്‍ക്ക് അതീതമായി പി എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.
അതേസമയം നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ ക്രൂശിക്കപ്പെട്ടുവെന്നും തെറ്റായ കാര്യമാണ് തനിക്കെതിരെ പ്രചരിപ്പിച്ചതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. പോരാടാന്‍ തന്നെയാണ് തന്റെ തീരുമാനം. സുരേന്ദ്രന്‍ തോല്‍ക്കുമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല.
തനിക്കെതിരായി വന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരെ 12 കേസുകള്‍ കൊടുത്തുകഴിഞ്ഞെന്നും അദ്ദേഹം നേതൃയോഗത്തില്‍ അറിയിച്ചു. വിമര്‍ശിച്ചോളൂ പക്ഷേ കള്ളപ്രചാരണം നടത്തരുതെന്നും പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാനായി കോര്‍കമ്മറ്റിയും ഭാരവാഹി യോഗവുമാണ് ആലപ്പുഴയില്‍ നടക്കുന്നത്. സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാത്തതില്‍ ബിജെപിയിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള പോര് മുറുകിയ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. കേരളത്തില്‍ താമര വിരിയാത്തതിനെച്ചൊല്ലി ബിജെപിയില്‍ ആശയക്കുഴപ്പവും അഭിപ്രായഭിന്നതയും രൂക്ഷമാണ്. രാജ്യമാകെ മോദി തരംഗം അലയടിച്ചപ്പോഴാണ് കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറക്കല്‍ സ്വപ്നമായി അവശേഷിച്ചത്.