പുതിയ മോദി മന്ത്രിസഭയില്‍ നിന്ന് അരുണ്‍ ജയ്റ്റ്‌ലി പിന്‍മാറി

നരേന്ദ്ര മോദി നയിക്കുന്ന രണ്ടാം സര്‍ക്കാരില്‍ ചുമതലകള്‍ നല്‍കരുതെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി. ഇത്തവണ പുതിയ സര്‍ക്കാരില്‍ തല്‍ക്കാലം ചുമതലകളോ, മന്ത്രിപദമോ വേണ്ടെന്നാണ് അരുണ്‍ ജയ്റ്റ്‌ലി നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്.

ആരോഗ്യപരമായ കാരണങ്ങളാലാണ് പുതിയ സര്‍ക്കാരില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് അരുണ്‍ ജയ്റ്റ്‌ലി കത്ത് ട്വീറ്റ് ചെയ്തുകൊണ്ട് വ്യക്തമാക്കി.

ഇതോടെ ധനമന്ത്രിസ്ഥാനത്തേക്ക് പുതിയ ആള്‍ എത്തുമെന്ന് ഉറപ്പായി. അരുണ്‍ ജയ്റ്റ്‌ലി വിദേശത്തേക്ക് ചികിത്സയ്ക്ക് പോയ സമയത്ത് പകരം ചുമതല വഹിച്ച മുന്‍ ഊര്‍ജ, റെയില്‍ മന്ത്രി പിയൂഷ് ഗോയല്‍ പുതിയ ധനമന്ത്രിയാകുമെന്നാണ് സൂചന.

ഇന്ന് രാത്രി മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകുമെന്ന് നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്‍കും. ഇതിന് മുന്നോടിയായി ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുകയാണ് നരേന്ദ്രമോദിയും അമിത് ഷായും.

”എന്റെ ആരോഗ്യവും ചികിത്സയും കണക്കിലെടുത്താണ് എന്നെ തല്‍ക്കാലം ഒഴിവാക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്”, അരുണ്‍ ജയ്റ്റ്‌ലി കത്തില്‍ കുറിച്ചു.