മമത ബാനര്‍ജി നാളെ മുതല്‍ ധര്‍ണ്ണ സമരം തുടങ്ങും
തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷവും മമതയും മോദിയും തമ്മിലുള്ള പോര് തുടരുന്നു.
പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായ മമത ബാനര്‍ജി നാളെ മുതല്‍ ധര്‍ണ്ണ സമരം തുടങ്ങും. തെരഞ്ഞെടുപ്പില്‍ 18 ലോക്സഭ സീറ്റുകളില്‍ വിജയിച്ച ബിജെപിയുടെ പ്രവര്‍ത്തകര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളും കടകളും തകര്‍ത്തുവെന്ന് ആരോപിച്ചാണ് സമരം.
വ്യാഴാഴ്ച രാഷ്ട്രപതി ഭവനില്‍ നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണപത്രം സ്വീകരിച്ച മമത ബാനര്‍ജി ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ മമത ഇപ്പോള്‍ ധര്‍ണ്ണാ സമരം നടത്തുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
കൊല്‍ക്കത്തയിലെ നൈഹാറ്റി മുനിസിപ്പാലിറ്റിക്ക് മുന്നിലാണ് അവര്‍ സമരം തുടങ്ങുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വളരെയേറെ അക്രമങ്ങള്‍ നടന്ന സ്ഥലങ്ങളിലൊന്നാണ് നൈഹാറ്റി.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസുകള്‍ ബിജെപി പ്രവര്‍ത്തകര്‍ കൈയ്യേറുകയോ തകര്‍ക്കുകയോ ചെയ്തെന്നാണ് മറ്റൊരു ആരോപണം. കുച്ച് ബിഹാ, നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലകളില്‍ ബിജെപി പ്രവര്‍ത്തകര്‍, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി പൊലീസ് പറയുന്നു.