പാക്കിസ്ഥാനില്‍ എച്ച്‌ഐവി പോസിറ്റീവായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

എച്ച്‌ഐവി പോസിറ്റീവായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി.അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലര്‍കാന ജില്ലയിലെ ആശുപത്രിയിലാണ് പരിശോധന നടത്തിയത്. എച്ച്‌ഐവി പരിശോധനയില്‍ പോസിറ്റീവ് എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത്.

നാല് മക്കളുടെ അമ്മയായ 32 കാരിയാണ് കൊല്ലപ്പെട്ടത്. കയര്‍ കൊണ്ട് കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം വീടിന് വെളിയിലെ മരത്തില്‍ കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിച്ചു.

വ്യാപകമായി എച്ച്‌ഐവി പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പാക് ആരോഗ്യമന്ത്രാലയത്തിലെ പ്രതിനിധികളും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളും സ്ഥലത്ത് പ്രത്യേക അന്വേഷണം നടത്തിയിരുന്നു.

എച്ച്‌ഐവി പോസിറ്റീവ് ആയ ഡോക്ടര്‍ മനപ്പൂര്‍വ്വം തന്റെ ശരീരത്തില്‍ ഉപയോഗിച്ച സിറിഞ്ച് കൊണ്ട് ആശുപത്രിയിലെ രോഗികളില്‍ അണുബാധ ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഒരു മാസത്തിനിടെ ഇവിടെ എച്ച്‌ഐവി പരിശോധന നടത്തിയ ആയിരത്തിലേറെ പേര്‍ക്കാണ് പോസിറ്റീവ് ഫലം കണ്ടത്.