രാഹുല്‍ ഗാന്ധിയുടെ രാജി ; കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധി രൂക്ഷം

തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനുള്ളിലെ പ്രതിസന്ധി രൂക്ഷമായി. രാഹുല്‍ ഗാന്ധി രാജി വെക്കുകയാണെങ്കില്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വെക്കുമെന്ന് വിവിധ നേതാക്കള്‍ വ്യക്തമാക്കി കഴിഞ്ഞു. യുപിഎ ഘടക കക്ഷികളെ മുന്‍ നിര്‍ത്തി രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് മുതിര്‍ന്ന നേതാക്കള്‍ നടത്തുവെന്നാണ് സൂചന. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിരിക്കുന്നത്.

നേതാക്കളെ കാണാന്‍ തയ്യാറാവാതെ രാഹുല്‍ ഗാന്ധി മാറി നിന്നതോടെ സമവായ ചര്‍ച്ചകള്‍ പോലും നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. പ്രിയങ്ക ഗാന്ധിയോടാണ് നേതാക്കള്‍ ഇപ്പോള്‍ ആശയ വിനിമയം നടത്തുന്നത്. രാഹുല്‍ അധ്യക്ഷ പദവി ഒഴിയുകയാണെങ്കില്‍ രാജസ്ഥാന്‍ ഉപ മുഖ്യമന്ത്രി പദം ഒഴിയുമെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

അദ്ദേഹത്തിനൊപ്പം ചില എംഎല്‍എമാരും രാജി സന്നദ്ധത അറിയിച്ചു. ചില കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍മാരും രാജിവെക്കുമെന്ന് വ്യക്തമാക്കിട്ടുണ്ട്. രാഹുലിനെ കാണാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മാധ്യപ്രദേശ മുഖ്യമന്ത്രി കമല്‍ നാഥ് ഡല്‍ഹി യാത്ര റദാക്കി.

അതേസമയം രാഹുല്‍ രാജിവെക്കരുതെന്നവശ്യപെട്ട് ഡല്‍ഹിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാഹാരം സമരം നടത്തി. ഘടക കക്ഷി നേതാക്കളും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെക്കരുതെന്ന് അവശ്യപെട്ട് രംഗത്ത് വന്നിട്ടുണ്ട്.