സിഗരറ്റ് വാങ്ങാനിറങ്ങിയ സിനിമാ നടന്മാരെ ഭീകരവാദികളെന്ന് പറഞ്ഞ് അതി ഭീകരമായി പിടികൂടി മുംബൈ പൊലീസ്

തീവ്രവാദികള്‍ എന്ന് കേട്ടാല്‍ മതി ഇപ്പോള്‍ ഏവര്‍ക്കും ഭയമാണ്. അതുകൊണ്ടു തന്നെയാണ്സിഗരറ്റ് വാങ്ങാനിറങ്ങിയ സിനിമാ നടന്മാരെ ഭീകരവാദികളെന്ന് കരുതി മുംബൈ പൊലീസ് അതിസാഹസികമായി പിടികൂടിയത് . കഴിഞ്ഞ ദിവസമാണ് സംഭവം. ഇരുവരും തീവ്രവാദികളുടെ വേഷത്തിലായിരുന്നു എന്നതാണ് പൊലീസുകാരെയും നാട്ടുകാരെയും കുഴക്കിയത്. ഇരുവരുടേയും വേഷം കണ്ട് തെറ്റിദ്ധരിച്ച നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഹൃത്വിക് റോഷനും ടൈഗര്‍ ഷെറഫും മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ദിവസക്കൂലിക്ക് അഭിനയിക്കാനെത്തിയ ബല്‍റാമിനേയും അര്‍ബ്ബാസിനേയുമാണ് പൊലീസ് കസ്റ്റിഡിയിലെടുത്തത്.ഡമ്മി വെടിയുണ്ടകള്‍ നിറച്ച ജാക്കറ്റ് ധരിച്ച് ഒരു വാനിലായിരുന്നു ഇരുവരും സിഗരറ്റ് വാങ്ങാന്‍ ഇറങ്ങിയത്. ഇത് കണ്ട് ഞെട്ടിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോഴേക്കും ഇരുവരും കടയില്‍ നിന്നും പോയിരുന്നു. തുടര്‍ന്ന് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്

ഒരു മണിക്കൂറിന് ശേഷം ബല്‍റാമിനേയും അര്‍ബ്ബാസിനേയും പിടികൂടി. വന്‍ പൊലീസ് സന്നാഹമാണ് ഇരുവരേയും പിടികൂടാന്‍ ഇറങ്ങിത്തിരിച്ചത്. സിനിമാക്കാരാണെന്ന് ചെറുപ്പക്കാര്‍ പറഞ്ഞെങ്കിലും ആദ്യം പൊലീസ് അത് വിശ്വസിച്ചില്ല. സിനിമാ ലൊക്കേഷനിലെത്തി വാസ്തവം മനസിലാക്കിയതിന് ശേഷമാണ് രണ്ടാളെയും പൊലീസ് വിട്ടയച്ചത്. എന്നാല്‍ ആശങ്ക സൃഷ്ടിച്ചതിന് ബല്‍റാമിനും അര്‍ബാസിനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു. ഭീകരവേഷമിട്ട നടന്‍മാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത് ജനങ്ങള്‍ക്കിടയില്‍ വലിയ ഭയപ്പാടുണ്ടാക്കിയെന്നാണ് പൊലീസ് പറയുന്നത്.