‘പെങ്ങളൂട്ടി’ പേരിന് പിന്നിലാരെന്ന് വെളിപ്പെടുത്തി രമ്യ ഹരിദാസ് എം പി
ആലത്തൂരിലെ നിയുക്ത എം പി രമ്യ ഹരിദാസ് ഇപ്പോള്‍ കേരളത്തിന്റെ സ്വന്തം പെങ്ങളൂട്ടിയാണ്. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ വ്യാപകമായി അഴിച്ചു വിട്ട വ്യാജ പ്രചരണങ്ങളും അധിക്ഷേപങ്ങളും തിരഞ്ഞെടുപ്പ് ഫലം തനിക്ക് അനുകൂലമാക്കാന്‍ രമ്യക്ക് കഴിഞ്ഞിരുന്നു. വിജയത്തിന് സഹായകമായതില്‍ ഈ പെങ്ങളൂട്ടി വിളിയും ഉള്‍പ്പെടും.
ഇപ്പോഴിതാ കേരളം ഏറ്റെടുത്ത പെങ്ങളൂട്ടി പേരിന് പിന്നില്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രമ്യ. ഷാഫി പറമ്പില്‍ എംഎല്‍എയും അദ്ദേഹത്തിന്റെ ഉമ്മയുമാണ് പേരിന് പിന്നിലെന്ന് രമ്യ പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കവെയാണ് രമ്യ ഇക്കാര്യം വെളിപ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് രമ്യ സ്വന്തം നാടായ കോഴിക്കോട് എത്തുന്നത്. കേരളം ഏറ്റെടുത്ത പെങ്ങളൂട്ടി പേരിന് പിന്നില്‍ ആരാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു അതിന് പിന്നില്‍ ആരൊക്കെയെന്ന് രമ്യ വെളിപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് റാലിക്കിടെ ഷാഫി പറമ്പിലിന്റെ ഉമ്മയാണ് പെങ്ങളൂട്ടി എന്ന പേര് ആദ്യം വിളിച്ചതെന്നും മറ്റുള്ളവര്‍ അത് ഏറ്റുപിടിക്കുകയായിരുന്നുവെന്നും രമ്യ പറഞ്ഞു.
ശബരിമല വിഷയത്തിലും രമ്യ നിലപാട് വ്യക്തമാക്കി. ശബരിമലയില്‍ പോകാന്‍ ഏറെ ആഗ്രഹമുണ്ട്. പക്ഷേ ആചാരങ്ങള്‍ ലംഘിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു രമ്യ പറഞ്ഞത്. ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാടിനൊപ്പമാണ് താന്‍.
മറ്റ് പല ക്ഷേത്രങ്ങളുമുണ്ട്. അയ്യപ്പനെ തൊഴാന്‍ ശബരിമലയില്‍ത്തന്നെ പോകണമെന്നില്ല. ശബരിമലയിലെ ആചാരം സ്ത്രീ വിവേചനമായി കാണുന്നില്ല. സ്ത്രീകളാണ് തനിക്ക് വലിയ പിന്തുണ നല്‍കിയത്. പാര്‍ലമെന്റില്‍ അവരുടെ പ്രതിനിധിയായിരിക്കുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.