ശ്രീജിത്ത് കസ്റ്റഡി മരണം ; എ വി ജോര്‍ജ്ജിനെ കുറ്റവിമുക്തനാക്കി സര്‍ക്കാര്‍
വിവാദമായ വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡിമരണക്കേസില്‍ എറണാകുളം മുന്‍ റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജ്ജിനെ കുറ്റവിമുക്തനാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.ജോര്‍ജ്ജിന് സംഭവവുമായി ബന്ധമില്ലെന്ന ക്രൈംബ്രാഞ്ചിന്റെയും ഡിജിപിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുറ്റവിമുക്തനാക്കിയത്.
വരാപ്പുഴയില്‍ കസറ്റഡിയിലെടുത്ത ശ്രീജിത്ത് പൊലീസ് മര്‍ദ്ദനത്തിനിരയായാണ് മരിച്ചത്. അന്നത്തെ എറണാകുളം റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജ്ജിന്റെ കീഴിലുള്ള ടൈഗര്‍ ഫോഴ്‌സിലെ പൊലീസുകാരാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. എസ് പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ടൈഗര്‍ ഫോഴ്‌സിലെ പൊലീസുകാര്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്നായിരുന്നു ആരോപണം.
ഇതേ തുടര്‍ന്ന് ജോര്‍ജ്ജിനെ സസ്‌പെന്‍ഡ് ചെയ്യുകയും വകുപ്പ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. എന്നാല്‍ ജോര്‍ജ്ജിന് സംഭവുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു കസ്റ്റഡിമരണം അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. ജോര്‍ജ്ജ് കേസില്‍ ഒരു സാക്ഷി മാത്രമാണെന്നും, കേസില്‍ നേരിട്ട് ബന്ധമില്ലെന്നും ഡിജപിയും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഇതേ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുത്ത ജോര്‍ജ്ജിനെ കോഴിക്കാട് കമ്മീഷണറായി സര്‍ക്കാര്‍ നിയമിക്കുകയും ഇപ്പോള്‍ വകുപ്പ് തല നടപടികളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ജോര്‍ജ്ജിന് ഡിഐജിയായി സ്ഥാനക്കയറ്റം നല്‍കാന്‍ നേരത്തെ പ്രമേഷമന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നെങ്കിലും കസ്റ്റഡി മരണകേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ സ്ഥാനക്കയറ്റം സര്‍ക്കാര്‍ തടഞ്ഞു വക്കുകയായിരുന്നു. സര്‍ക്കാര്‍ ജോര്‍ജ്ജിനെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ ഡിഐജിയായി വൈകാതെ സ്ഥാനക്കയറ്റം നല്‍കും. ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ 7 പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ നേരത്തെ സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നു.
തന്റെ മേല്‍ അച്ചടക്ക നടപടിയുണ്ടെന്നും താന്‍ ഒരു കേസിലും പ്രതിയല്ലെന്നും ചൂണ്ടിക്കാട്ടി എവി ജോര്‍ജ് സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഡിജിപിയോട് വിശദീകരണം തേടിയതും ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും.
കേസില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട മൂന്ന് റൂറല്‍ ടൈഗര്‍ ഫോഴ്സ് അംഗങ്ങളും പിന്നീട് മൊഴി ചേര്‍ത്ത ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ സാം അടക്കമുള്ള പ്രതികളുടെ മൊഴികളുമായിരുന്നു കേസില്‍ എവി ജോര്‍ജിന് നേരെ വില്‍ ചൂണ്ടിയത്. എന്നാല്‍ ഇതൊന്നും കേസില്‍ പരിഗണിക്കുന്നില്ലെന്നും സസ്പെന്‍ഷന്‍ പിന്‍വലിച്ചു സാഹചര്യത്തില്‍ അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന്ും ചൂണ്ടിക്കാട്ടിയാണ് എവി ജോര്‍ജ് സര്‍ക്കാറിന് കത്ത് നല്‍കിയത്.