ഇന്ത്യയ്ക്ക് നല്‍കി വരുന്ന വ്യാപാര മുന്‍ഗണന അവസാനിപ്പിക്കുമെന്ന് ട്രംപ്
ഇന്ത്യയ്ക്ക് നല്‍കിവന്ന വ്യാപാര മുന്‍ഗണന അവസാനിപ്പിക്കും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വേണ്ടത്ര മുന്‍ഗണന നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് ഇത്തരം ഒരു നടപടിയിലേക്ക് ട്രംപ് നീങ്ങുന്നത്. വ്യാപാരബന്ധം മെച്ചപ്പെടുത്താനുള്ള മുന്‍ഗണനാ രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കുമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ അഞ്ചോടെയാണ് തീരുമാനം നടപ്പാക്കാന്‍ ട്രംപ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
യുഎസില്‍ എഴുപതുകള്‍ മുതല്‍ നിലവിലുള്ളതാണ് വികസ്വര രാജ്യങ്ങള്‍ക്കുള്ള മുന്‍ഗണനാപ്പട്ടിക. വികസ്വര രാജ്യങ്ങള്‍ക്ക് അമേരിക്കയില്‍ മുന്‍ഗണന നല്‍കുമ്പോള്‍ പകരമായി ഈ രാജ്യങ്ങള്‍ അവരുടെ വിപണി അമേരിക്കന്‍ കമ്പനികള്‍ക്കു തുറന്നു കൊടുക്കണം എന്ന നിബന്ധനയുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി കൂടുതലും ഇറക്കുമതി കുറവുമാണ്. ഈ വ്യാപാരക്കമ്മിയാണ് യുഎസിന്റെ അനിഷ്ടത്തിനു കാരണം.