മോദി സ്തുതി ; അബ്ദുള്ള കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാന്‍ അനുമതി

മോദിസ്തുതി നടത്തി വെട്ടിലായ എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കാന്‍ ധാരണയായി. പുറത്താക്കണമെന്ന കെ.പി.സി.സിയുടെ നിര്‍ദേശത്തിന് എ.ഐ.സി.സി അനുമതി നല്‍കി. കണ്ണൂര്‍ ഡി.സി.സിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. തീരുമാനം കെ.പി.സി.സി തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

മോദി ശരിയാണെന്ന് കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിച്ചു തെളിയിച്ചതാണെന്നും എല്ലാവരും അദ്ദേഹത്തെ അവഗണിച്ചപ്പോഴാണു താന്‍ അദ്ദേഹത്തിനു വേണ്ടി സംസാരിച്ചതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. ‘മോദി നടപ്പിലാക്കിയത് മികച്ച വികസന മാതൃകയാണ്. മോദി വിരോധം കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. തെരഞ്ഞെടുപ്പിന് ശേഷം മോദി വിരോധം പറഞ്ഞ് നാടിനെ കുട്ടിച്ചോറാക്കരുത്. സഹകരിച്ച് മുന്നോട്ട് പോകണമെന്ന അഭിപ്രായമാണ് എനിക്കുള്ളത് എന്നാണു അബ്ദുള്ള കുട്ടി പറഞ്ഞത്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് അബ്ദുള്ളക്കുട്ടിയോട് കെപിസിസി വിശദീകരണം തേടിയിരുന്നു. കണ്ണൂര്‍ ഡിസിസി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അബ്ദുള്ളക്കുട്ടിയോട് വിശദീകരണം തേടിയത്. അബ്ദുള്ളക്കുട്ടിക്കെതിരെ നടപടി വേണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെപിസിസി അധ്യക്ഷന്‍ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇനി അബ്ദുള്ളക്കുട്ടിക്ക് പാര്‍ട്ടി അംഗമായി തുടരാനുള്ള യോഗത്യയില്ലെന്നാണ് കെപിസിസി നിലപാട്. പാര്‍ട്ടിക്കെതിരെ അബ്ദുള്ളക്കുട്ടി പരസ്യമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് സസ്പെന്‍ഷന്‍ പോലെയുള്ള നടപടികളിലേക്ക് നീങ്ങാതെ നേരിട്ട് പുറത്താക്കാന്‍ എഐസിസി തീരുമാനമെടുത്തിരിക്കുന്നത്.