നിപ’ ബാധയെന്ന് സംശയം : പൂനെയില്‍ നിന്ന് ഫലം രാത്രി 7.30 ന്

എറണാകുളത്ത് യുവാവിന് നിപ ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സ്ഥിരീകരണം വൈകിട്ട് ഏഴരയോടെ ലഭിച്ചേക്കും. എല്ലാ തരത്തിലുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്നും, രോഗി സഞ്ചരിച്ച തൃശ്ശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളില്‍ കൃത്യമായി പ്രതിരോധത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കോഴിക്കോട്, കളമശ്ശേരി, ഇടുക്കി എന്നീ മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. എറണാകുളത്ത് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കോഴിക്കോട്ട് നിപ ബാധയുണ്ടായപ്പോള്‍ പ്രതിരോധിക്കാന്‍ നേതൃത്വം നല്‍കിയ ഡോക്ടര്‍മാരുടെ സംഘം എറണാകുളത്ത് എത്തിയിട്ടുണ്ട്.

ആറ് പേരെ ഒരേ സമയം കിടത്തി ചികിത്സിക്കാനാകും വിധമാണ് ഐസൊലേഷന്‍ വാര്‍ഡിലെ ക്രമീകരണങ്ങള്‍. രോഗമുണ്ടെന്ന സംശയത്തോടെ ആരെത്തിയാലും വിദഗ്ധ സംഘത്തിന്റെ പരിചരണം ഉറപ്പാക്കാനും നടപടി എടുത്തതായി മന്ത്രി അറിയിച്ചു.

ആരോഗ്യമന്ത്രി കെ കെ ശൈലജയുടെയും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെയും ആരോഗ്യ സെക്രട്ടറി രാജന്‍ ഖോബ്രഗഡെയുടെയും നേതൃത്വത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

അതുപോലെ ഔദ്യോഗിക ഫലം പുറത്തു വിടുന്നതിനു മുന്‍പ് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് പൊലീസിനെ ചുമതലപ്പെടുത്തി.