പതിറ്റാണ്ടുകള്‍ക്ക് ശേഷം വൈറലായി ഷാരൂഖ് ഖാന്റെ അഭിമുഖം (വീഡിയോ)

തൊണ്ണൂറുകളുടെ മധ്യത്തില്‍ ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ നടത്തിയ ഒരു അഭിമുഖം ഇപ്പോള്‍ വൈറല്‍ ആകുന്നു. അന്തരിച്ച പ്രമുഖ നടി ഫരീദാ ജലാലുമായി നടത്തിയ അഭിമുഖമായിരുന്നു ഇത്. രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തിലുണ്ടായ മാറ്റത്തെക്കുറിച്ചായിരുന്നു അഭിമുഖത്തില്‍ ഷാരൂഖ് സംസാരിച്ചത്.

ഇന്ത്യന്‍ രാഷ്ട്രീയവുമായി ഷാരൂഖിന്റെ കുടുംബാംഗങ്ങള്‍ക്കുള്ള ബന്ധത്തെക്കുറിച്ച് ഫരീദ ഉന്നയിച്ച ഒരു ചോദ്യമാണ് വിഷയം രാഷ്ട്രീയത്തിലേക്കു മാറാന്‍ കാരണം. ഈ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് രാജ്യത്തെ രാഷ്ട്രീയസാഹചര്യത്തെ നോക്കിക്കാണാനായിരുന്നു ഫരീദ ഷാരൂഖിനോട് ആവശ്യപ്പെട്ടത്.

ഇന്ത്യയുടെ ഭാഗമല്ലെന്നു വിചാരിക്കുന്നവരെയാണ് നിങ്ങള്‍ ദേശവിരുദ്ധരെന്നും സാമൂഹ്യവിരുദ്ധരെന്നും വിളിക്കുന്നത്. എന്റെ കുടുംബം ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരാണ്. അതുകൊണ്ടുതന്നെ ഇത്തരം ആളുകള്‍ അതു തകര്‍ക്കുന്നതു കാണുമ്പോള്‍ എനിക്കു സങ്കടമുണ്ട്.’- ഷാരൂഖ് പറയുന്നു.

പണ്ട് കുട്ടികളായിരുന്നപ്പോള്‍ ഒരു ഉപന്യാസം എഴുതാന്‍ കിട്ടിയത് ഓര്‍മയുണ്ട്. ‘എന്റെ രാജ്യം, ഇന്ത്യ’. ഞാന്‍ വിചാരിക്കുന്നത്, ഇതു മാറണമെന്നാണ്. ഇന്ത്യയാണു രാജ്യം, നമ്മളെല്ലാം ഇവിടുത്ത പൗരന്മാരാണ് എന്നാകണം. നമുക്ക് ഈ രാജ്യത്തിന്റെ ഉടമസ്ഥതതയില്ല. ഉടമസ്ഥാവകാശമെന്നാല്‍ ഇത് നമ്മുടെ ഇന്ത്യയാണെന്ന് അര്‍ഥമില്ല.

‘എന്റെ കുടുംബം, പ്രത്യേകിച്ച് എന്റെ പിതാവ്, അവരെല്ലാം രാജ്യത്തിന്റെ രാഷ്ട്രീയവുമായി വളരെ അടുത്തബന്ധമുള്ള വ്യക്തികളായിരുന്നു. ഈ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു അദ്ദേഹം. ജനറല്‍ ഷാനവാസ് അടക്കമുള്ളവരുമായി അദ്ദേഹത്തിനു ബന്ധമുണ്ടായിരുന്നു. അദ്ദേഹം എന്നോട് എപ്പോഴും പറഞ്ഞിരുന്നത് ഇങ്ങനെയാണ്- ‘ഷാരൂഖ്, നിന്റെ സ്വാതന്ത്ര്യം നീയൊരിക്കലും അടിയറ വെയ്ക്കരുത്. സ്വാതന്ത്ര്യം തുടര്‍ന്നു കൊണ്ടുപോകാനാണു ഞങ്ങള്‍ അതു നിങ്ങള്‍ക്കു നല്‍കിയത്.’

അന്നത്തെ കാലത്ത് സ്വാതന്ത്ര്യമെന്നാല്‍ എന്റെ പിതാവ് ഉദ്ദേശിച്ചിരുന്നത് വൈദേശികാധിപത്യത്തില്‍ നിന്നുള്ള ഭരണമോ മറ്റോ ആണെന്നാണു ഞാന്‍ വിചാരിച്ചിരുന്നത്. എന്നാല്‍ ഞാന്‍ വളര്‍ന്നുകഴിഞ്ഞപ്പോള്‍ എനിക്കു മറ്റൊന്നാണു തോന്നുന്നത്. അതു ചിലപ്പോള്‍ ദാരിദ്ര്യത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാകാം.

ചിലപ്പോള്‍ കഷ്ടപ്പാടില്‍ നിന്നുള്ള സ്വാതന്ത്ര്യമാകാം. പത്രങ്ങളില്‍ വരുന്ന കാര്യങ്ങളെക്കുറിച്ചു മാത്രമേ എനിക്ക് അറിവുള്ളൂ. അതു സത്യമാണോ നുണയാണോ എന്നെനിക്കറിയില്ല. ഈ അഭ്യൂഹത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാകാം അതു ചിലപ്പോള്‍ ഷാരൂഖ് വ്യക്തമാക്കുന്നു.

വീഡിയോ കാണാം :