ഇളയരാജയുടെ ഗാനങ്ങള്‍ കേള്‍ക്കണം എങ്കില്‍ ഇനി മുന്‍കൂര്‍ അനുമതി വാങ്ങണം
സംഗീതാസ്വാദകര്‍ക്ക് നിരാശ പകരുന്ന ഒരു വാര്‍ത്തയാണ് ഇവിടെ. ഇളയരാജ സംഗീത സംവിധാനം ചെയ്ത ഗാനങ്ങളുടെ ഉടമ അദ്ദേഹം മാത്രമായിരിക്കുമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു . ഇളയരാജയുടെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ടിവി ചാനലുകളിലും ഉപയോഗിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
റോയല്‍റ്റിയുടെ പേരില്‍ ഇളയരാജയ്ക്ക് അനുകൂലമായുള്ള ഉത്തരവ് ചോദ്യം ചെയ്ത് ഓണ്‍ലൈന്‍ മ്യൂസിക് കമ്പനി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
നേരത്തെ പഴയ ഹിറ്റ് ഗാനങ്ങള്‍ വീണ്ടും സിനിമകളില്‍ ഉപയോഗിക്കുന്നതിനെതിരെ ഇളയരാജ രൂക്ഷമായി പ്രതികരിച്ചിരുന്നു. തൃഷയും വിജയ് സേതുപതിയും മുഖ്യവേഷത്തിലെത്തിയ 96ല്‍ തന്റെ പഴയ ഹിറ്റ് ഗാനങ്ങള്‍ ഉപയോഗിച്ചതിനെതിരെയും അദ്ദേഹം പ്രതികരിച്ചിരുന്നു
റോയല്‍റ്റിയുമായി ബന്ധപ്പെട്ട വിവാദത്തിന് മറുപടിയായി തന്റെ പാട്ടുപയോഗിച്ച് മറ്റൊരാള്‍ പണമുണ്ടാക്കുമ്പോള്‍ അതില്‍ അര്‍ഹിച്ച പങ്ക് തനിക്കും കിട്ടേണ്ടതല്ലേയെന്ന ചോദ്യം ഇളയരാജ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു.
‘എന്റെ ജീവിതം മുഴുവന്‍ ഞാന്‍ ചെലവഴിച്ചത് സംഗീതം സൃഷ്ടിക്കാനാണ്. മറ്റൊന്നിനേയും കുറിച്ച് ചിന്തിക്കാന്‍ എനിക്ക് സമയമുണ്ടായിരുന്നില്ല. ഒരിക്കലും പറയാത്തതിനെക്കാള്‍ നല്ലത് വൈകിയാണെങ്കിലും പറയുകയല്ലേ.
എന്റെ സംഗീതത്തിന്റെ അവകാശം എനിക്ക് മാത്രമാണ്. അവ എന്റെ സൃഷ്ടികളാണ്. അതുപയോഗിച്ച് മറ്റൊരാള്‍ പണമുണ്ടാക്കുമ്പോള്‍ അതില്‍ നിന്നും അര്‍ഹിച്ച പങ്ക് എനിക്ക് ലഭിക്കണ്ടേ? അത് ഞാന്‍ ചോദിക്കുന്നത് എങ്ങനെയാണ് തെറ്റാകുക?,’ എന്നായിരുന്നു ഇളയരാജയുടെ വിശദീകരണം.