സംസ്ഥാനത്തു വീണ്ടും നിപ ; ജാഗ്രതാ നിര്‍ദ്ദേശം

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറാണ് സംസ്ഥാനത്ത് വീണ്ടും നിപ സാന്നിധ്യം സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫലം പുറത്തുവന്നതോടെയാണ് പനി സ്ഥിരീകരിച്ചത്.

വടക്കര്‍ പറവൂര്‍ സ്വദേശിയും തൊടുപുഴയില്‍ ഒരു സ്വകാര്യ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ 21-കാരനിലാണ് നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. കടുത്ത പനിയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയുടെ സാംപിളുകള്‍ ഡോക്ടര്‍മാര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധയനയ്ക്ക് അയച്ചതോടെ സംസ്ഥാനത്ത് ഭീതിയിലാഴ്ത്തി വീണ്ടും നിപ വൈറസ് സാന്നിധ്യം തെളിഞ്ഞത്.

ഇയാളുമായി അടുത്ത് ഇടപഴകിയ ഒരു സുഹൃത്തിനും മറ്റൊരാള്‍ക്കും ആദ്യഘട്ടത്തില്‍ പരിചരിച്ച രണ്ട് നഴ്‌സുമാര്‍ക്കും പനിയും തൊണ്ട വേദനയുമടക്കമുള്ള രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിലൊരാളെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

നിപ ബാധ സ്ഥിരീകരിച്ച സ്ഥിതിക്ക് സംശയകരമായി പനി അനുഭവപ്പെടുന്നവര്‍ മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നും ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന് തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്നും കെകെ ഷൈലജ ടീച്ചര്‍ വ്യക്തമാക്കി.

നിപ രോഗികള്‍ക്ക് നല്‍കേണ്ട റിബാവറിന്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ഓസ്‌ട്രേലിയയില്‍ നിന്നും കൊണ്ടു വന്ന മരുന്നും കേരളത്തിലുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനുമായി സംസാരിച്ചുവെന്നും സ്ഥിതിഗതികള്‍ അറിയിച്ചെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം കൊച്ചിയില്‍ യുവാവിന് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തൃശൂരില്‍ 27 പേരും കൊല്ലത്ത് മൂന്ന് പേരും നിരീക്ഷണത്തില്‍.

നിപ്പാ വൈറസ് ബാധ സംശയിക്കുന്നവരുമായി അടുത്തിടപഴകിയ കൊല്ലത്തെ മൂന്ന് വിദ്ധ്യാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍. നിലവില്‍ മൂന്നു പേര്‍ക്കും പനി ഉള്‍പ്പടെയുള്ള ഒരു ലക്ഷണങളും കണ്ടെത്തിയില്ല. മുന്‍ കരുതല്‍ നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചു. കൂടാതെ തൃശൂരില്‍ 27 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 17 പേര്‍ പുരുഷന്മാരും , 10 പേര്‍ സ്ത്രീകളുമാണ്. ആര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഇല്ല.