വൈറല്‍ ആകാന്‍ നിപയെ കൂട്ടുപിടിക്കേണ്ട ; വ്യാജ സന്ദേശം അയച്ച മൂന്ന് പേര്‍ പിടിയില്‍
എന്തെങ്കിലും അത്യാഹിതം സംഭവിക്കുമ്പോള്‍ അതിനെ പറ്റി വ്യാജ വാര്‍ത്തകളും ചിത്രങ്ങളും പടച്ചു വിടുക ചിലരുടെ മുഖ്യ വിനോദമാണ്. പ്രളയ കാലത്തു ഇതുപോലെ ധാരാളം വ്യാജ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു നടന്നിരുന്നു. വൈറല്‍ ആകുവാന്‍ വേണ്ടി ചിലര്‍ മനപ്പൂര്‍വ്വം പടച്ചു വിടുന്ന വാര്‍ത്തകള്‍ വിശ്വസിക്കുന്നവരാണ് ഏറെയും.
എന്നാല്‍ നിപ വൈറസ് വീണ്ടും കണ്ടെത്തിയപ്പോള്‍ സര്‍ക്കാര്‍ ആദ്യം ആവശ്യപ്പെട്ടത് ഇതിനെ പറ്റി സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പടച്ചു വിടരുത് എന്നാണ്. എന്നിട്ടും വ്യാജ പോസ്റ്റുകള്‍ ഉണ്ടാക്കി വിട്ടവര്‍ ഇപ്പോള്‍ ആപ്പിലായിരിക്കുകയാണ്.
നിപ വൈറസ് രോഗ ബാധയെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയ സംഭവത്തില്‍ പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊച്ചി സിറ്റി പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത്. മൂന്ന് പേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സന്തോഷ് അറക്കല്‍, മുസ്തഫ മുത്തു, അബു സല എന്നിവര്‍ക്കെതിരെയാണ് കേസ്.
ഇവര്‍ ഫേസ്ബുക്ക് വഴി വ്യാജ പ്രചരണം നടത്തിയെന്ന് പൊലീസ് കണ്ടെത്തി. വ്യാജ പ്രചാരണങ്ങള്‍ നടത്തി വരുന്നവരെക്കുറിച്ചള്ള പൊലീസ് അന്വേഷണം തുടരുകയാണ്. ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നവരുടെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നെണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
അതേസമയം, എറണാകുളത്ത് നിപ സ്ഥിരീകരിച്ച 23 കാരനായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. പനി കുറഞ്ഞതായും ആരോഗ്യസ്ഥതിയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.