ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ; രോഹിത്തിന്റെ സ്വെഞ്ചറി മികവില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം
ലോക കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയ തുടക്കം. രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ (122 നോട്ടൗട്ട്) മികവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആറ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത് . 228 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 47.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.തുടക്കത്തിലേ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ ഒരറ്റത്ത് അവസാനം വരെ പിടിച്ചുനിന്ന രോഹിത് ശര്‍മ്മയുടെ പ്രകടനമാണ് വിജയത്തിലേക്കെത്തിച്ചത്.
അവസാന പത്തോവറില്‍ സ്‌കോറിങിന് വേഗം കൂട്ടിയ ധോണിയുടെയും (34) ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും (15) ബാറ്റിങ്ങും നിര്‍ണായകമായി.സ്‌കോര്‍ 13 ല്‍ നില്‍ക്കെ ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 8 റണ്‍സെടുത്ത ധവാനെ റബാഡയുടെ പന്തില്‍ ഡികോക്ക് പിടികൂടുകയായിരുന്നു.
16 -ാം ഓവറില്‍ വിരാട് കോലിയെയും നഷ്ടമായതോടെ പരുങ്ങലിലായ ഇന്ത്യയെ രോഹിത് ശര്‍മ്മ-രാഹുല്‍ കൂട്ടുകെട്ടാണ് 100 കടത്തിയത്. 32-ാം ഓവറില്‍ രാഹുലും മടങ്ങി. റബാഡയുടെ പന്തില്‍ ഡുപ്ലെസിക്ക് ക്യാച്ച് നല്‍കിയായിരുന്നു രാഹുലിന്റെ മടക്കം. അതേസമയം ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണിത്.