നിപ ബാധിച്ച യുവാവിന്റെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍

കൊച്ചിയില്‍ നിപ ബാധിച്ച യുവാവിന്റെ നില മെച്ചപ്പെട്ടതായും നിലവില്‍ നേരിയ പനി മാത്രമേയുള്ളൂവെന്നും അറിയിപ്പ് . അതേ സമയം നിപ ബാധയുണ്ടെന്ന് സംശയിക്കുന്ന ഒരാളെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.

നിലവില്‍ ഐസോലേഷന്‍ വാര്‍ഡിലുള്ള 6 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും എല്ലാവരുടെയും സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇന്ന് കളക്ട്രേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ 269 കോളുകളാണെത്തിയത്.

ചികിത്സയില്‍ കഴിയുന്ന യുവാവ് ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട ആറു രോഗികളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി ആലപ്പുഴ, പൂന ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. രോഗിയുമായ സമ്പര്‍ക്കത്തിലായികണ്ടെത്തിയതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലുള്ളവരുടെ പട്ടികയില്‍ മൂന്നുപേരെക്കൂടി ചേര്‍ത്തതോടെ എണ്ണം മൊത്തം 314 ആയി.

ജില്ലയില്‍ ഇതുവരെ മൃഗങ്ങളില്‍ നിപയ്ക്ക് സമാനമായ രോഗലക്ഷണങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ജില്ലയിലെ എല്ലാ വെറ്റിനറി സ്ഥാപനങ്ങളിലും മൃഗ രോഗങ്ങള്‍ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കുന്നതിനും നിപാ സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഹെല്‍ത്ത് ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ നിലവിലുള്ള 1077 നു പുറമെ 04842425200 എന്ന നമ്പരിലും വിളിക്കാമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.രോഗം വരാതിരിക്കാനും പടരാതിരിക്കുന്നതിനും എല്ലാ വിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്.