ബാലഭാസ്‌ക്കര്‍ മരിച്ച സമയം ഡ്രൈവര്‍ ആയിരുന്ന അര്‍ജ്ജുന്‍ നാടുവിട്ടു ; ദുരൂഹത വര്‍ധിക്കുന്നു
ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതകള്‍ വര്‍ധിക്കുന്നു . അപകട സമയം വാഹനമോടിച്ച അര്‍ജുന്‍ അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ കേരളം വിട്ടു. ശാരീരിക അവശതകളുള്ള, ഗുരുതരമായി പരിക്കേറ്റ അര്‍ജുന്‍ അസമിലാണിപ്പോള്‍ എന്നാണ് മാതാപിതാക്കള്‍ മൊഴി നല്‍കിയിരിക്കുന്നത്.
കേസിലെ അന്വേഷണം വഴിത്തിരിവിലെത്തിയ സാഹചര്യത്തില്‍ അര്‍ജുന്‍ കേരളം വിട്ടതില്‍ ദുരൂഹത സംശയിക്കുകയാണ് ക്രൈംബ്രാഞ്ച്. അതുപോലെ ബാലഭാസ്‌കറിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പൂന്തോട്ടം ആശുപത്രി ഉടമ ജിഷ്ണുവും കേരളത്തിലില്ല. ജിഷ്ണു ഹിമാലയ യാത്രയ്ക്ക് പോയെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു.
ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെടുമ്പോള്‍ കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രണ്ട് പേരുടെ മൊഴിയെടുക്കാന്‍ കഴിയാതെ പൊലീസിന് കഴിയുന്നില്ല. അപകടം നടക്കുമ്പോള്‍ വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്നും അല്ല അര്‍ജുനാണെന്നുമുള്ള പരസ്പരവിരുദ്ധമായ മൊഴികള്‍ സ്ഥിരീകരിക്കാനും ഇതുവരെ പൊലീസിനായിട്ടില്ല.
അര്‍ജുന്റെ മൊഴി മാറ്റവും സംശയകരമായിരുന്നുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. അപകടസമയത്ത് വാഹനം അമിത വേഗത്തിലാണ് ഓടിച്ചിരുന്നത് എന്നതാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്ന മറ്റൊരു പ്രധാന കാര്യം. ചാലക്കുടിയില്‍ നിന്ന് പള്ളിപ്പുറത്തെത്താന്‍ രണ്ടേമുക്കാല്‍ മണിക്കൂര്‍ മാത്രമാണ് വേണ്ടിവന്നത്. അത്രയും വേഗത്തില്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തേണ്ട സാഹചര്യം എന്തായിരുന്നുവെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ക്രൈംബ്രാഞ്ച് ഇന്നലെ പരിശോധന നടത്തിയിരുന്നു. ബാലഭാസ്‌ക്കറും കുടുംബവും താമസിച്ചിരുന്ന ഹോട്ടലിലും പരിശോധന നടത്തിയിരുന്നു.