നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷം ഞായറാഴ്ചയോടെ ശക്തി പ്രാപിക്കുമെന്നും ഇത് കേരള കര്‍ണ്ണാടക തീരത്ത് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെ മുന്‍നിര്‍ത്തി സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഈ രണ്ട് ദിവസവും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ജൂണ്‍ 9 ന് ഓറഞ്ച് അലര്‍ട്ടായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതല്‍ 204.5 mm വരെ മഴ) ആയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ആവശ്യപ്പെട്ടു. കടലിലെ ന്യൂനമര്‍ദ്ദം കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.കാലാവസ്ഥ പ്രവചനങ്ങള്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലര്‍ട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്.

ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്. തെറ്റായ പ്രചരണങ്ങളില്‍ നിന്നും ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുവാനുമുള്ള ശ്രമങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടുള്ളതല്ലെന്നും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം പ്രചരിപ്പിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.