ബാലഭാസ്‌ക്കറിന്റെ മരണം ; പ്രകാശ് തമ്പിയുടെ നിര്‍ണ്ണായക മൊഴി പുറത്തു

ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സുഹൃത്തും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശ് തമ്പിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മൊഴിയെടുക്കല്‍ അഞ്ച് മണിക്കൂര്‍ നീണ്ട് നിന്നു. അപകടസമയം വണ്ടിയോടിച്ചത് അര്‍ജുന്‍ തന്നെയാണെന്നാണ് പ്രകാശ് തമ്പി മൊഴി നല്‍കി.

ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഇക്കാര്യം തന്നോടു പറഞ്ഞിരുന്നുവെന്നും പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന്‍ ജയിലിലെത്തി എടുത്ത മൊഴിയിലാണ് പ്രകാശ് തമ്പിയുടെ വെളിപ്പെടുത്തല്‍.

ബാലഭാസ്‌ക്കറും കുടുംബവും ജ്യൂസ് കുടിക്കാന്‍ കയറിയ കൊല്ലത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെന്നും പ്രകാശ് തമ്പി പറഞ്ഞു. അര്‍ജുന്‍ മൊഴി മാറ്റിയ ശേഷമാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്.

അതിന് ശേഷം അര്‍ജുന്‍ ഫോണ്‍ ബന്ധം വിച്ഛേദിപ്പിച്ചു. ബാലഭാസ്‌ക്കറിനൊപ്പം രണ്ട് തവണ ഗള്‍ഫ് യാത്ര നടത്തിയെന്നും പ്രകാശ് തമ്പി മൊഴി നല്‍കി. ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കല്‍ അഞ്ച് മണിക്കൂര്‍ നീണ്ടു. മൊഴി പരിശോധിച്ച ശേഷം കൂടുതല്‍ ചോദ്യം ചെയ്യണമോ എന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച് തീരുമാനമെടുക്കും.

തനിക്ക് സ്വര്‍ണക്കടത്തില്‍ ബന്ധമില്ലെന്ന മൊഴി പ്രകാശ് തമ്പി ആവര്‍ത്തിച്ചു. വിഷ്ണുവിന്റെ ബിസിനസ് ബന്ധങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ദുബായില്‍ പോയത്. 2013-ലും 2014-ലും ബാലഭാസ്‌കറിനൊപ്പം ദുബായില്‍ ഷോ നടത്താനായി പോയിരുന്നു. അന്ന് ബാലഭാസ്‌കറിന്റെ മൊബൈല്‍ താനാണ് കൈയില്‍ സൂക്ഷിച്ചത്. പിന്നീട് അപകടമുണ്ടായപ്പോള്‍ ഫോണ്‍ പൊലീസ് കൊണ്ടുപോയെന്നും തമ്പി മൊഴി നല്‍കി.

ആശുപത്രിയിലായിരുന്നപ്പോള്‍ അവരുടെ എടിഎം കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും തന്റെ പക്കലായിരുന്നു. പിന്നെ അതെല്ലാം ലക്ഷ്മിക്ക് തിരികെ നല്‍കി. ബാലഭാസ്‌കറിന്റെ പരിപാടികള്‍ താന്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഓരോ പരിപാടികള്‍ കഴിയുമ്പോഴും പതിനായിരമോ, പതിനയ്യായിരമോ രൂപ ബാലഭാസ്‌കര്‍ തരും. അതല്ലാതെ തനിക്ക് ബാലഭാസ്‌കറുമായി യാതൊരു പണമിടപാടുകളും ഉണ്ടായിരുന്നില്ലെന്നും പ്രകാശ് തമ്പി പറയുന്നു.

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ കൂട്ടുപ്രതിയായ വിഷ്ണു വഴിയാണ് ബാലഭാസ്‌കറിനെ പരിചയപ്പെടുന്നതെന്നാണ് പ്രകാശ് തമ്പിയുടെ മൊഴി. വിഷ്ണു ജിമ്മില്‍ വച്ചാണ് ബാലഭാസ്‌കറിനെ കണ്ടുമുട്ടിയത്. പിന്നീടിത് നല്ല സൗഹൃദമായി. വിഷ്ണുവും ബാലഭാസ്‌കറുമായി നല്ല സൗഹൃദമായിരുന്നെന്നും പ്രകാശ് തമ്പി മൊഴി നല്‍കി.