കേളി അന്താരാഷ്ട കലാമേള കൊടിയേറി

ജേക്കബ് മാളിയേക്കല്‍

സൂറിച്ച്: സ്വിറ്റ്സര്‍ലണ്ടില്‍ വച്ച് നടക്കുന്ന പതിനാറാമത് അന്താരാഷ്ട കലാമേളയുടെ തിരി തെളിഞ്ഞു, സ്വിറ്റ്സര്‍ലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ആണ് ഇന്ത്യക്ക് വെളിയില്‍ വച്ച് നടത്തുന്ന ഏറ്റവും വലിയ യുവജനോത്സവവേദി ഒരുക്കുന്നത്.

ഇനി രണ്ടു ദിനരാത്രങ്ങള്‍ ഭാരതീയ കലകള്‍ സൂറിച്ചില്‍ പ്രഭ ചൊരിയും. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമായി മുന്നൂറിലധികം രജിസ്‌ട്രേഷനാണ് ഇത്തവണ ഉള്ളതെന്ന് ജനറല്‍ കണ്‍വീനര്‍ റീന അബ്രാഹം അറിയിച്ചു. ഇന്ത്യന്‍ കലകള്‍ക്ക് വെള്ളവും വെളിച്ചവും നല്‍കി യുവജനോത്സവത്തിലൂടെ പുതിയ പ്രതിഭകളെ കണ്ടെത്തുകയും ചെയ്യുന്ന സാര്‍വ്വദേശീയ മേളയാണ് കേളി അന്താരാഷ്ട്ര കലാമേള.

ഇന്ത്യന്‍ എംബസ്സി, സൂര്യ ഇന്ത്യ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കേളി അന്താരാഷ്ട യുവജനോത്സവം ഒരുക്കുന്നത്. കഴിഞ്ഞ പതിനാറ് വര്ഷങ്ങളായി മികച്ച രീതിയില്‍ ആണ് സംഘാടകര്‍ കലാമേള ഒരുക്കുന്നത്. സൂര്യ ഇന്ത്യ കലാതിലകം, കലാപ്രതിഭ പട്ടങ്ങള്‍ക്ക് പുറമെ കേളി കലാരത്‌ന, ഫാ.ആബേല്‍ മെമ്മോറിയല്‍ ട്രോഫി തുടങ്ങിയവക്ക് പുറമെ എല്ലാ മത്സര വിജയികള്‍ക്കും ട്രോഫികളും സെര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിക്കും.

കേളിയുടെ കലാസായാഹ്നങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനും കേരളത്തിലെ കാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടി മാത്രം വിനിയോഗിക്കുന്നു.