കണ്ണൂരില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു

കണ്ണൂരില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പോലീസ് അന്വേഷണം ശക്തമാക്കി. കേസിലെ മുഖ്യ പ്രതിയായ ചപ്പാരപ്പടവ് സ്വദേശി സാബിത്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. തളിപ്പറമ്പ് സിഐയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

കേസില്‍ പിടിയിലാകും എന്ന് ഉറപ്പായതോടെ സാബിത്ത് വിദേശത്തേക്ക് കടന്നിരുന്നു. ഇയാളെ തിരിച്ചെത്തിക്കാനും ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. സാബിത്ത് പ്രചരിപ്പിച്ച നഗ്‌നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി അക്ഷയ് എന്ന യുവാവും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നു.

എന്നാല്‍ അക്ഷയ് ഇപ്പോള്‍ ജയിലിലാണ്. നേരത്തെ നടന്ന പറശിനിക്കടവ് കൂട്ടബലാത്സംഗത്തോട് സാമ്യമുള്ള കേസായതിനാല്‍ ജാഗ്രതയോടെയാണ് പൊലീസ് അന്വേഷിക്കുന്നത്. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കണ്ണൂര്‍ നഗരത്തിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ്.