പാലാരിവട്ടം മേല്‍പ്പാലം ; ടെണ്ടര്‍ ഉറപ്പിച്ചത് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരമില്ലാതെ
പാലാരിവിട്ടം മേല്‍പ്പാല നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയതിലും വന്‍ക്രമക്കേട്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരമില്ലാതെയാണ് നിര്‍മ്മാണത്തിന് ടെണ്ടര്‍ നല്‍കിയത്. കൂടാതെ കമ്പനിയുമായി കരാര്‍ ഒപ്പിട്ടതും ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരമില്ലാതെയാണ്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങുന്നതിന് മുമ്പു തന്നെ മൊബലൈസേഷന്‍ അഡ്വാന്‍സ് എന്ന പേരില്‍ കമ്പനിക്ക് 8.25 കോടി രൂപ നല്‍കിയെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
പാലാരിവട്ടം മോല്‍പ്പാല നിര്‍മ്മാണത്തിനു 72.6 കോടി രൂപയ്ക്കാണ് കേരള റോഡ്സ് ആന്റ് ബിഡ്ജസ് കോര്‍പ്പറേഷന്‍ ടെണ്ടര്‍ ക്ഷണിച്ചത്. സ്പീഡ് കേരളയില്‍ ഉള്‍പ്പെടുത്തിയായിരുന്നു ഇത്. ടെണ്ടറില്‍ ആര്‍ഡിഎസ് പ്രൊജക്ട്സ് എന്ന കമ്പനി 41.27 കോടി രൂപയിലൂടെ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിയായി. ഇതിനുശേഷം 2014 മാര്‍ച്ച് നാലിനു കമ്പനിക്ക് ടെണ്ടര്‍ നല്‍കിയതും കമ്പനിയുമായി കരാര്‍ ഒപ്പിട്ടതും റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരമില്ലാതെയാണ്.
മാനേജിംഗ് ഡയറക്ടര്‍ായിരുന്ന എ.പി.എം മുഹമ്മദ് ഹനീഷാണ് നേരിട്ട് കരാര്‍ നല്‍കിയത്. പിന്നീട് മൂന്നു മാസങ്ങള്‍ക്ക് ശേഷം ജൂണ്‍ 10ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം മാനേജിംഗ് ഡയറക്ടറുടെ നടപടി അംഗീകരിക്കുകയായിരുന്നു. 22/3/58 എന്ന നമ്പരില്‍ പ്രത്യേക പ്രമേയമായി ഇതു ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കൊണ്ടുവരികയായിരുന്നുവെന്ന് അന്നത്തെ യോഗത്തിന്റെ മിനിറ്റ്സ് വ്യക്തമാക്കുന്നു.
അന്നത്തെ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡ് ഇതിനു ചര്‍ച്ചയൊന്നും കൂടാതെ അംഗീകാരം നല്‍കുകയും ചെയ്തു. നേരത്തെ അനുമതി നല്‍കിയതിലൂടെ ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ ഫ്ളൈ ഓവര്‍ കരാറിനെക്കുറിച്ച് വകുപ്പ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ നടത്തേണ്ടിയിരുന്ന ചര്‍ച്ച ഒഴിവായി. ഇതിനുശേഷമാണ് നിര്‍മ്മാണം തുടങ്ങുന്നതിനു മുമ്പുതന്നെ കമ്പനിക്ക് മുന്‍കൂര്‍ തുക നല്‍കിയത്.
മൊബലൈസേഷന്‍ അഡ്വാന്‍സ് എന്ന രീതിയില്‍ കമ്പനി ആവശ്യപ്പെട്ട 8.25 കോടി രൂപ മുന്‍കൂര്‍ നല്‍കി. 2014 ജൂലൈ 15നു കമ്പനിയുമായി കരാറുണ്ടാക്കി അനധികൃതമായി തുക മുന്‍കൂര്‍ നല്‍കി. ഇതു പിന്നീട് 2014 ഡിസംബര്‍ 16നു ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡും അംഗീകരിച്ചതായി ഡിസംബര്‍ 16ലെ മിനിറ്റ്സ് വ്യക്തമാക്കുന്നു. നിര്‍മ്മാണം വിലയിരുത്തിയും ഗുണമേന്മ ഉറപ്പാക്കിയും നിര്‍മ്മാണത്തിനുശേഷം നല്‍കേണ്ട തുകയാണ് നിര്‍മ്മാണം തുടങ്ങും മുമ്പേ കമ്പനിക്ക് നല്‍കിയത്.