അമ്മയെ നെഞ്ചോട് ചേര്‍ത്ത് രാഹുല്‍; രാജമ്മയ്ക്ക് ഇത് സ്വപ്നസാഫല്യം

രാഹുലിനെ നേരില്‍ കാണണം എന്ന രാജമ്മയുടെ ആഗ്രഹം സഫലമായി. നാല്‍പ്പത്തിയൊമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ പിറന്നു വീണ ഉടന്‍ മുറുകെപ്പിടിച്ച ആ വിരലുകള്‍ രാഹുല്‍ ഗാന്ധി വീണ്ടും ചേര്‍ത്തുപിടിച്ചു. കുഞ്ഞുരാഹുലിനെ പരിചരിച്ച രാജമ്മ നിറകണ്ണുകളോടെ രാഹുലിന്റെ നെഞ്ചോട് ചേര്‍ന്നു നിന്നു. വയനാട് സന്ദര്‍ശനത്തിനിടെയാണ് തന്റെ ജനനത്തിന് സാക്ഷ്യം വഹിച്ച രാജമ്മ എന്ന മുന്‍ നഴ്‌സിനെ കാണാന്‍ രാഹുല്‍ ഗാന്ധി എത്തിയത്.

ഞായറാഴ്ച രാവിലെ കല്‍പറ്റ ഗസ്റ്റ് ഹൗസില്‍ വച്ചാണ് രാഹുല്‍ ഗാന്ധി രാജമ്മയെ കണ്ടുമുട്ടിയത്. രാഹുല്‍ ഗാന്ധിയെ കാണണമെന്ന ആഗ്രഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. രാജമ്മയുടെ ആഗ്രഹമറിഞ്ഞ രാഹുല്‍ ഗാന്ധി പര്യടനത്തിനിടെ രാജമ്മയെ കാണാമെന്ന് സമ്മതിക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധി ജനിച്ച ദില്ലി ഹോളി ഫാമിലി ആശുപത്രിയിലെ നഴ്‌സായിരുന്ന രാജമ്മ ഇപ്പോള്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയാണ്. വയനാട് നായ്ക്കട്ടി വാവത്തില്‍ രാജപ്പന്റെ ഭാര്യയാണ് രാജമ്മ. ഇവരുടെ ഏകമകന്‍ രാജേഷും ഭാര്യയും കുവൈറ്റിലാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയപ്പോള്‍ രാജമ്മ വിദേശത്ത് ആയിരുന്നു. അതുകൊണ്ട് തന്നെ രാഹുലിനെ കാണാനുള്ള ആഗ്രഹം സാധിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ രാജമ്മയുടെ ഈ ആഗ്രഹമാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ സഫലമാക്കിയിരിക്കുന്നത്.