സാമ്പത്തിക ക്രമക്കേട് : യുഎന്‍എയ്ക്ക് എതിരെ കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം
സാമ്പത്തിക ക്രമക്കേടില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനു എതിരെ കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ അക്കൗണ്ടില്‍ നിന്ന് മൂന്ന് കോടിയിലധികം രൂപ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ വെട്ടിച്ചെന്നായിരുന്നു പരാതി. ക്രൈം ബ്രാഞ്ച് എഡിജിപിയുടെ ശുപാശയിലാണ് ഉത്തരവ്.
വലിയ സാമ്പത്തിക ആരോപണമായിനാല്‍ കേസെടുത്തത് ഓഡിറ്റ് നടത്തണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ശുപാര്‍ശ. കേസ് നാളെ രജിസ്റ്റര്‍ ചെയ്യും. ഇത്തരമൊരു പരാതിയില്‍ അന്വേഷണം നടത്തണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യണം. വരവു ചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യപ്പെടണം. എന്നാല്‍ മാത്രമേ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാകുവെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.
സംഘടനയുടെ വൈസ് പ്രസിഡന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് ആദ്യം അന്വേഷണം നടത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്താനായില്ല.
മാത്രവുമല്ല വരവു ചെലവു കണക്കുകള്‍ സംബന്ധിച്ച് വ്യക്ത വരുത്താന്‍ ഓഡിറ്റ് നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു . എന്നാല്‍ ഈ അന്വേഷണം തൃപ്തികരമല്ലെന്ന് പരാതി ഉന്നയിച്ചതിനെത്തുടര്‍ന്നാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ് പിക്ക് അന്വേഷണം കൈമാറിയത് .