കത്വ കൂട്ടബലാല്‍സംഗം ; പൊലീസുകാരുള്‍പ്പെടെ ആറു പേര്‍ കുറ്റക്കാരെന്ന് കോടതി

ജമ്മുകാശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പൊലീസുകാരുള്‍പ്പെടെ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. ഒരാളെ കോടതി വെറുതേ വിട്ടു. മുഖ്യപ്രതിയുടെ മകനെയാണ് വെറുതെ വിട്ടത്. പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് തന്നെ വിധിക്കാനാണ് സാധ്യത. ഉച്ചയ്ക്ക് രണ്ട് മണിയോടെ വിധി പ്രസ്താവം പ്രതീക്ഷിക്കുന്നുണ്ട്.

കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ആസൂത്രണം ചെയ്ത മുഖ്യപ്രതിയും ക്ഷേത്രപൂജാരിയുമായ സാഞ്ചി റാമും, കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന് പൊലീസ് കണ്ടെത്തിയ ആനന്ദ് ദത്ത, പര്‍വേഷ് കുമാര്‍ അഥവാ മന്നു, എന്നീ പ്രതികളും മൂന്ന് പൊലീസുദ്യോഗസ്ഥരും കുറ്റക്കാരെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.

സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായ ദീപക് ഖജുരിയ കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നു. ഇയാളും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സബ് ഇന്‍സ്‌പെക്ടര്‍ സുരേന്ദര്‍ വെര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നീ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നതാണ് കേസ്.

അതേസമയം, സാഞ്ചിറാമിന്റെ മരുമകന്‍ വിശാലിനെ കോടതി വെറുതെ വിട്ടു. കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ പ്രതികള്‍ ഇയാളെ മീററ്റില്‍ നിന്ന് വിളിച്ചുവരുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇത് സംശയരഹിതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.

മുഖ്യപ്രതി സാഞ്ചി റാമിന്റെ പതിനഞ്ചുകാരനായ മറ്റൊരു മരുമകനും കേസില്‍ പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത ഇയാളുടെ വിചാരണ ജുവനൈല്‍ കോടതിയിലാണ് .അതിനാല്‍ വിധിപ്രസ്താവം പിന്നീട് മാത്രമേ ഉണ്ടാകു. പഠാന്‍കോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷന്‍സ് ജഡ്ജി തേജ്‌വീന്ദര്‍ സിംഗാണ് കേസില്‍ വിധി പറയുന്നത്. വിധിപ്രസ്താവത്തിന് മുന്നോടിയായി കോടതിയ്ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

2018 ജനുവരിയിലാണ് കത്വയില്‍ എട്ട് വയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഈ സംഭവം രാജ്യമെമ്പാടും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.