കത്വ കൂട്ട ബലാത്സംഗ കേസ് ; മൂന്ന് പേര്‍ക്ക് മരണം വരെ ജീവപര്യന്തം
ഏറെ വിവാദമായ കത്വയില്‍ എട്ട് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കോടതി മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ആസൂത്രണം ചെയ്ത മുഖ്യപ്രതി സാഞ്ചി റാം, സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായ ദീപക് ഖജുരിയ,സാഞ്ചി റാമിന്റെ സുഹൃത്ത് പര്‍വേഷ് കുമാര്‍ എന്നിവര്‍ക്കാണ് മരണം വരെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.
കേസിലെ മറ്റ് മൂന്ന് പ്രതികളായ ആനന്ദ് ദത്ത, സബ് ഇന്‍സ്‌പെക്ടര്‍ സുരേന്ദര്‍ വെര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവര്‍ക്ക് അഞ്ച് വര്‍ഷം തടവും അമ്പതിനായിരം രൂപ തടവുമാണ് വിധിച്ചിരിക്കുന്നത്.
നാല് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുള്ളത്. നാടോടി സമുദായമായ ബക്കര്‍വാള്‍ വിഭാഗത്തില്‍പ്പെട്ട എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും മൃഗിയമായി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഗ്രാമത്തിലെ പൗര മുഖ്യനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാമാണ് കേസിലെ മുഖ്യ സൂത്രധാരന്‍.
ഇയാളുടെ അധീനതയിലുള്ള ക്ഷേത്രത്തിനുള്ളില്‍ വെച്ചാണ് ബലാത്സംഘം നടന്നത്. സജ്ഞി റാമിന്റെ മകന്‍ വിശാല്‍, പ്രായപൂര്‍ത്തിയാകാത്ത അനന്തരവന്‍, സുഹൃത്ത്, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് കജൂരിയ എന്നിവരും കൃത്യങ്ങളില്‍ നേരിട്ട് പങ്കാളികളായിയെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
കേസില്‍ ആദ്യം അന്വേഷണം നടത്തിയ എസ് ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ സുരേന്ദര്‍ വര്‍മ എന്നിവര്‍ തെളിവ് നശിപ്പിക്കാനും കൂട്ട് നിന്നു. പിന്നീട് കേസെറ്റെടുത്ത ജമ്മു കാശ്മീര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തി.
2018 ജനുവരിയിലായിരുന്നു രാജ്യ വ്യാപക പ്രതിഷേധങ്ങളുണ്ടാക്കിയ കത്വ കൂട്ട ബലാല്‍സംഗം നടന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടങ്ങുന്ന ബകര്‍വാള്‍ നാടോടി വിഭാഗത്തെ ഗ്രാമത്തില്‍ നിന്നും തുരത്തിയോടിക്കുന്നതിനാണ് പെണ്‍കുട്ടിയെ ദിവസങ്ങളോളം തടവില്‍ വെച്ച് പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
മൃതദേഹം കണ്ടെത്തുമ്പോള്‍ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു. ഏപ്രിലില്‍ 8 നാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. കുറ്റാരോപിതരെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ പ്രാദേശിക പാര്‍ട്ടികള്‍ പ്രതിഷേധം നടത്തിയിരുന്നു. ഒരു പ്രതിഷേധ പ്രകടനത്തില്‍ പിന്നീട് രാജിവെച്ച രണ്ട് ബിജെപി മന്ത്രിമാരും പങ്കെടുത്തിരുന്നു.