യോഗിക്കു എതിരെ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്റെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചു. ഓണ്‍ലൈന്‍ വാര്‍ത്ത വെബ്‌സൈറ്റായ ദ വയറിലെ മുന്‍ മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയുടെ ഭാര്യ ജഗിഷ അറോറയാണ് കോടതിയെ സമീപിച്ചത്. 

അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പ്രശാന്ത് കനോജിയയുടെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും.അതേ സമയം സമാന സംഭവത്തില്‍ ഉത്തര്‍ പ്രദേശ് പൊലീസ് ഇന്ന് ഒരാളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതോടെ സംഭവത്തില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രശാന്ത് കനോജിയയെ നോയിഡ സിറ്റി മജിസ്ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിട്ടുണ്ട്.

പ്രശാന്തിന്റെ അറസ്റ്റ് നിയമത്തെ ദുരുപയോഗപ്പെടുത്തുന്ന നടപടിയാണെന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ അപലപിച്ചു. യോഗി ആദിത്യനാഥുമായി താന്‍ ദീര്‍ഘനേരം വീഡിയോ കോള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഒരു യുവതി പറയുന്ന വീഡിയോയാണ് പ്രശാന്ത് കനോജിയയും മറ്റു ചില മാധ്യമ പ്രവര്‍ത്തകരും പ്രചരിപ്പിച്ചത്.

പ്രശാന്ത് കനോജിയയെക്കൂടാതെ പ്രാദേശിക ചാനലായ നേഷന്‍ ലൈവിന്റെ മേധാവിയായ ഇഷിത സിങ്, എഡിറ്റര്‍ അനുജ് ശുക്ല എന്നിവരെയും യോഗി ആദിത്യനാഥിനെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം അഭിപ്രായ സ്വാതന്ത്ര്യത്തിനും പത്രസ്വാതന്ത്ര്യത്തിനും നേര്‍ക്കുള്ള കടന്ന് കയറ്റമാണെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകരുടെ സംഘടനകള്‍ ഇന്ന് ഉച്ചയ്ക്ക് ദില്ലി പ്രസ്സ് ക്ലബ്ബിന് മുന്നില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. അറസ്റ്റിനെതിരെ വന്‍പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.