പ്രതികരണത്തിന്റെ പേരില്‍ ഒരാളെ ജയിലിലടാനാവില്ല ; യോഗി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകനെ ഉടന്‍ വിടണമെന്ന് സുപ്രീംകോടതി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ എത്രയും വേഗം ജാമ്യത്തില്‍ വിടണമെന്ന് സുപ്രീം കോടതി. നവമാധ്യമത്തിലൂടെ നടത്തിയ പ്രതികരണത്തിന് ഒരാളെ ജയിലിലടാനാവില്ലെന്നും മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം തെറ്റാണെന്നും പൌരന്റെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്ന് കയറ്റമാണിതെന്നും കോടതി വ്യക്തമാക്കി.

എന്തടിസ്ഥാനത്തിലാണ് കനോജിയയെ അറസ്റ്റ് ചെയ്തതെന്ന് ചോദിച്ച സുപ്രീംകോടതി രൂക്ഷവിമര്‍ശനമാണ് യോഗി സര്‍ക്കാരിനെതിരെ നടത്തിയത്. എന്ത് വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തതെന്ന് കേസില്‍ വാദം തുടങ്ങിയപ്പോള്‍ തന്നെ സുപ്രീം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ചോദിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ചെയ്തിരിക്കുന്നത് കൊലപാതക കുറ്റമല്ല.

കനോജിയയുടെ ട്വീറ്റുകള്‍ തെറ്റായ സന്ദേശം നല്‍കുന്നുണ്ടാകാം പക്ഷെ അത് നേരിടാന്‍ നിയമപരമായി മറ്റ് വഴികള്‍ ഉണ്ട്. അറസ്റ്റ് ചെയ്ത് ജയിലിലിടുകയല്ല വേണ്ടതെന്നും കോടതി വ്യക്തമാക്കി. നിരന്തരമായി ട്വീറ്ററിലൂടെ വിദ്വേഷപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വാദിച്ചു.

പ്രശാന്ത് കനോജിയയെ ഉടന്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്റെ ഭാര്യ ജിഗിഷയാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ”ഇത്തരം ട്വീറ്റുകളുടെ ശരിതെറ്റുകള്‍ അവിടെ നില്‍ക്കട്ടെ, ഈ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുന്നതെങ്ങനെയാണ്” എന്ന് സുപ്രീംകോടതി ചോദിച്ചു.

ദൈവത്തിനും മതത്തിനുമെതിരെ പ്രകോപനപരമായ ട്വീറ്റുകള്‍ പ്രശാന്ത് കനോജിയ എഴുതിയിട്ടുണ്ടെന്നും അതിനാല്‍ ഐപിസി 505-ാം വകുപ്പ് കൂടി ചേര്‍ത്താണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഈ ട്വീറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും എഎസ്ജി കോടതിയില്‍ സമര്‍പ്പിച്ചു.

എന്നാല്‍ ഈ ട്വീറ്റുകളുടെ പേരില്‍ കനോജിയയെ അറസ്റ്റ് ചെയ്തതില്‍ ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി തൃപ്തി രേഖപ്പെടുത്തിയില്ല. മാത്രമല്ല, കേസില്‍ 22-ാം തീയതി വരെ കനോജിയയെ റിമാന്‍ഡില്‍ വിട്ട മജിസ്‌ട്രേറ്റിന്റെ തീരുമാനം ശരിയല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാല്‍ ജാമ്യഹര്‍ജിയില്‍ വാദം നടക്കേണ്ടത് കീഴ്‌കോടതിയിലാണെന്ന് എഎസ്ജി കോടതിയില്‍ പറഞ്ഞു.

‘നിയമവിരുദ്ധമായ ഒരു കാര്യം കണ്ടാല്‍ കൈയും കെട്ടിയിരുന്ന് കീഴ്‌കോടതിയിലേക്ക് പോകൂ എന്ന് പറയാന്‍ ഞങ്ങള്‍ക്കാകില്ല”, എന്ന് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി പറഞ്ഞു. ഹേബിയസ് കോര്‍പസ് ഹര്‍ജി കൊണ്ട് റിമാന്‍ഡ് ഉത്തരവിനെ എതിര്‍ക്കുന്നതെങ്ങനെയെന്ന് എഎസ്ജി ചോദിച്ചു. ഈ കേസില്‍ അറസ്റ്റും പത്ത് ദിവസത്തിലധികം നീണ്ട റിമാന്‍ഡും എന്തിനെന്ന് ജസ്റ്റിസ് രസ്‌തോഗി തിരിച്ചു ചോദിച്ചു. ”കനോജിയയെന്താ കൊലക്കേസ് പ്രതിയാണോ? എന്തടിസ്ഥാനത്തിലാണിത്?”, കോടതി ചോദിച്ചു.