കൊടുംചൂട് ; തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സ്പ്രസിലെ നാല് യാത്രക്കാര്‍ മരിച്ചു

കൊടും ചൂട് കാരണം തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സ്പ്രസിലെ നാല് യാത്രക്കാര്‍ മരിച്ചു. നിര്‍ജലീകരണമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സ്പ്രസില്‍ സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്.

മരിച്ചവര്‍ തമിഴ്നാട് സ്വദേശികളാണ്. ആഗ്രയില്‍ നിന്ന് കേരള എക്സ്പ്രസില്‍ കയറിയ ഇവര്‍ കോയമ്പത്തൂരിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. ട്രെയിന്‍ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ എത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരാളെ അത്യാസന്ന നിലയില്‍ ഝാന്‍സിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാല് പേരും ചൂടില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി കൂടെയുണ്ടായിരുന്ന യാത്രക്കാര്‍ റെയില്‍വേ അധികൃതരോട് പറഞ്ഞിട്ടുണ്ട്.

ഝാന്‍സിയില്‍ കഴിഞ്ഞ ദിവസം 48 ഡിഗ്രിക്ക് മുകളില്‍ ചൂട് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി കൊടും ചൂടാണ് ഉത്തരേന്ത്യയില്‍ അനുഭവപ്പെടുന്നത്. ഇതേ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.