ബംഗാളില്‍ ബോംബ് സ്‌ഫോടനം ; രണ്ടു മരണം
പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ കാന്‍കിനരയില്‍ ഇന്നലെ രാത്രിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിലെ ബാസിര്‍ഘട്ടില്‍ ബിജെപി ഇന്നലെ ബന്ദ് നടത്തിയിരുന്നു.
തൃണമൂല്‍ അക്രമത്തിനെതിരെ ബംഗാളില്‍ സംസ്ഥാന വ്യാപകമായി ബിജെപി ഇന്നലെ കരിദിനം ആചരിക്കുകയും ചെയ്തു.
രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പശ്ചിമബംഗാള്‍ സര്‍ക്കാരിനോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കുകയും ബംഗാള്‍ ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. ബംഗാളില്‍ തുടര്‍ച്ചയായുണ്ടാകുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ കെ.എന്‍ ത്രിപാഠി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
അതേസമയം സ്ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ കുറേ നാളുകളായി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടക്കുന്ന പ്രദേശമാണ് 24 പര്‍ഗനാസ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരും രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇവിടെ കൊല്ലപ്പെട്ടിരുന്നു.