അനന്ത് നാഗില്‍ ഭീകരാക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ അനന്ത് നാഗില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ രണ്ട് ഭീകരരെയും സൈന്യം വധിച്ചു. നാട്ടുകാരിയായ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ദക്ഷിണ കശ്മീരിലെ അനന്തനാഗില്‍ വൈകീട്ട് നാലര മണിയോടെയാണ് തീവ്രവാദികള്‍ സിആര്‍പിഎഫ് പോസ്റ്റിന് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ട് സൈനികര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൂന്നുപേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് തീവ്രവാദികളും പാക്കിസ്ഥാന്‍ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഒരു മണിക്കൂറോളം നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിക്കാനായത്. തീവ്രവാദ സംഘടനയായ അല്‍ ഉമര്‍ മുജാഹിദ്ദീന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 44 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായ പുല്‍വാമ ആക്രമണത്തിന് ശേഷമുള്ള വലിയ തീവ്രവാദി ആക്രമണം തന്നെയാണ് അനന്തനാഗില്‍ നടന്നത്.
സുരക്ഷ വലയങ്ങള്‍ ഭേദിച്ച് വലിയ ആയുധശേഖരവുമായാണ് തീവ്രവാദികള്‍ എത്തിയത്. ഈ വര്‍ഷം ഇതുവ 103 തീവ്രവാദികളെയാണ് ജമ്മുകശ്മീരില്‍ സൈന്യം വധിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 254 ആയിരുന്നു. അനന്തനാഗ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്വരയില്‍ സൈന്യം ജാഗ്രതയിലാണ്.