പെരിയ കൊലപാതകം ; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് വിമര്‍ശനം. ജാമ്യാപേക്ഷ കൈകാര്യം ചെയ്തതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിന് വീഴ്ച പറ്റിയെന്ന് കോടതി വിമര്‍ശിച്ചു.

ഡിജിപി ഓഫീസിലെ ചിലര്‍ക്ക് രഹസ്യ അജണ്ട ഉണ്ടോയെന്ന് കോടതി ആരാഞ്ഞു. പൊലീസ് റിപ്പോര്‍ട്ടുകള്‍ യഥാസമയം കോടതിയില്‍ ഹാജരാക്കാന്‍ നടപടി സ്വീകരിക്കേണ്ടത് ഡിജിപിയുടെ ഓഫീസാണ്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ യഥാസമയം ലഭിക്കാറില്ല. ഡിജിപിയുടെ ഓഫീസ് ഈ നില തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തും.

അനാവശ്യ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ നീട്ടുന്നത് അംഗീകരിക്കാനാകില്ല. ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നതില്‍ വിയോജിപ്പുണ്ടെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ പറഞ്ഞു.

കേസ് വിവരങ്ങള്‍ ഡിജിപി ഓഫീസ് പ്രോസിക്യൂട്ടര്‍മാര്‍ക്ക് യഥാസമയം കൈമാറുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. കേസ് ഇനി മാറ്റിവെയ്ക്കില്ലെന്ന് പറഞ്ഞ കോടതി ഡിജിപി മൂന്ന് മണിക്ക് നേരിട്ട് ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചു. ജാമ്യാപേക്ഷ കേള്‍ക്കുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യമാണ് കോടതിയെ ചൊടിപ്പിച്ചത്.