കേളി കലാമേളയിലെ മിന്നലൊളിയുമായ് ‘കലാതിലകം’ കിരീടം ചൂടി ശിവാനി നമ്പ്യാര്‍

ജൂണ്‍ എട്ട്, ഒന്‍പതു തീയതികളില്‍ സൂറിച്ചില്‍ നടന്ന കേളി കലാമേളയില്‍ കലാതിലകമായി സൂറിച്ചിലെ ശിവാനി നമ്പ്യാര്‍. കണ്ണുകളില്‍ ഭാവത്തിന്റെ തിരയിളക്കവുമായി, വശ്യമധുരമായ പുഞ്ചിരിയുമായി, ചെഞ്ചുണ്ടില്‍ രാഗശോണിമയുമായി, സര്‍വാംഗം ആഭരണഭൂഷിതമായി, സുന്ദരവദനത്താല്‍, അംഗങ്ങളാകമാനം സുന്ദരമായി ചലിപ്പിച്ച് വേദിയില്‍ അത്ഭുതനടനങ്ങള്‍ കാഴ്ചവെച്ചപ്പോള്‍ കലാമേളയില്‍ മത്സരിച്ച മിക്ക ഇനങ്ങളിലും വിജയി ആകുവാന്‍ പത്തു വയസുള്ള ഈ ബാലികക്ക് കഴിഞ്ഞതോടെ കേളി നടത്തിവരുന്ന പതിനാറാമത് കലാമേളയില്‍ ശിവാനി നമ്പ്യാര്‍ കലാതിലക കിരീടമണിഞ്ഞു.

ഭരതനാട്യത്തിലും, ഫോള്‍ക് ഡാന്‍സിലും, ഫാന്‍സി ഡ്രസ്സ് മത്സരങ്ങളില്‍ ഒന്നാം സമ്മാനവും,മോഹിനിയാട്ടത്തില്‍ മൂന്നാം സമ്മാനവും കൂടാതെ സിനിമാറ്റിക് ഡാന്‍സ്, ക്ലാസിക്കല്‍ ഗ്രൂപ് ഡാന്‍സില്‍ രണ്ടാം സമ്മാനവും ഈ കുരുന്നു പ്രതിഭ കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷത്തെ കലാമേളയില്‍ മോഹിനിയാട്ടത്തിലും ഫോള്‍ക് ഡാന്‍സിലും, ഫാന്‍സി ഡ്രസ്സ് മത്സരങ്ങളില്‍ ഒന്നാം സമ്മാനവും കൂടാതെ സിനിമാറ്റിക് ഡാന്‍സ്, ക്ലാസിക്കല്‍ ഗ്രൂപ് ഡാന്‍സില്‍ രണ്ടാം സമ്മാനവും നേടിയെങ്കിലും ചില പോയിന്റുകളുടെ വ്യത്യാസത്തിലാണ് കിരീടം കൈവിട്ടുപോയത്. കലയോടുള്ള പൂര്‍ണ്ണ സമര്‍പ്പണത്തില്‍ കഠിനപരിശ്രമത്താല്‍ ഈ വര്ഷം നേടിയെടുത്ത കലാതിലക പട്ടത്തിനു അതുകൊണ്ടു തന്നെ മാറ്റ് കൂടുതലാണ്.

ആനന്ദമെന്ന അലൗകികവും അവാച്യവുമായ ചൈതന്യവികാരം ഹൃദയത്തില്‍ നിറയ്ക്കുന്ന പ്രതിഭാസമാണല്ലൊ ‘കല’. ആ വാക്കുപോലും നമ്മുടെ ഹൃദയത്തില്‍ ആഹ്ലാദത്തിന്റെ അലകള്‍ ഉണര്‍ത്തുന്നു. കല ആഹ്ലാദിപ്പിക്കുന്നതാണെന്ന കുട്ടിക്കൃഷ്ണമാരാരുടെ വാക്കുകള്‍ ഓര്‍മ്മയിലെത്തുന്നു. ബാഹ്യലോകത്തെ തീര്‍ത്തും വിസ്മരിച്ച് ഒരു നിമിഷം സര്‍വ്വതന്ത്രസ്വതന്ത്രമായി നമ്മുടെ ആത്മാവ് അനുഭവിക്കുന്ന അവാച്യമായ അനുഭൂതി കലാദര്‍ശനം നമുക്ക് സമ്മാനിക്കുന്നുവെന്ന് ഭാരതീയ സൗന്ദര്യദര്‍ശനം പറയുന്നു. ഈ കലയെ നാട്യരൂപത്തില്‍ പിഴവുകളില്ലാതെ ആസ്വാദകര്‍ക്ക് അനുഭൂതിയായി അവതരിപ്പിക്കുന്നതില്‍ ഈ കൊച്ചു മിടുക്കിയുടെ കഴിവിനുള്ള അംഗീകാരമാണീ കലാതിലകം.

സൂറിച്ചില്‍ താമസിക്കുന്ന പ്രവാസി മാതാപിതാക്കളായ സേതുനാഥ് നമ്പ്യാര്‍ മൃദുല സേതുനാഥ് എന്നീ ദമ്പതികളുടെ പുത്രിയാണ് അഞ്ചാം സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്ന ശിവാനി. അവരുടെ പിന്‍തുണ ഒന്നുകൊണ്ടു മാത്രം കലാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു ഈ കുട്ടി. കൊറിയോഗ്രാഫര്‍ റോസ് മേരിയുടെ ശിക്ഷണത്തില്‍ ആണ് വര്‍ഷങ്ങളായി ശിവാനി നൃത്തം അഭ്യസിക്കുന്നത്. ഇതിനോടകം നിരവധി വേദികളില്‍ ഈ കുരുന്നു പ്രതിഭ തന്റെ അത്ഭുത പ്രകടനങ്ങള്‍ കാഴ്ച്ച വച്ചു കഴിഞ്ഞു. ശാസ്ത്രീയ നൃത്തത്തിലും സംഗീതത്തിലും അഭിനയത്തിലും മികവു തെളിയിക്കുന്ന ശിവാനി ഏതൊരു പ്രവാസി മലയാളിക്കും മാതൃകയും പ്രചോദനവുമാണ്.

ഈ വര്‍ഷത്തെ കലാമേളയില്‍ കലരത്നമായി സ്വിറ്റസര്‍ലണ്ടിലെ ജാനറ്റ് ചെത്തിപ്പുഴയും, ഫാദര്‍ ആബേല്‍ മെമ്മോറിയല്‍ ട്രോഫി അയര്‍ലണ്ടില്‍ നിന്നുള്ള ഗ്രെസ് മരിയ ജോസും കരസ്ഥമാക്കി.