18 നു സംസ്ഥാനത്ത്‌ മോട്ടോര്‍ വാഹന പണിമുടക്ക്

ജൂണ്‍ 18ന് സംസ്ഥാനത്ത് മോട്ടാര്‍ വാഹന പണിമുടക്കിന് ആഹ്വാനം. വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് മോട്ടോര്‍ വാഹന സംരക്ഷണസമിതി അറിയിച്ചു. തൃശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. ബസ്, ഓട്ടോ, ലോറി, ടാക്‌സി എന്നിവ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമിതി നേതാക്കള്‍ പറഞ്ഞു.

ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് കഴിഞ്ഞ ജൂണ്‍ 1മുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ തുടക്കസമയത്തെ പരിമിതികള്‍ മൂലം വാഹന പരിശോധന നടത്തി ജിപിഎസ് ഇല്ലാത്തവര്‍ക്കെതിരെ പിഴ ഈടാക്കേണ്ടതില്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. ഉപകരണങ്ങള്‍ വേണ്ടത്ര ലഭ്യമല്ലെന്ന വാഹന ഉടമകളുടെ പരാതികള്‍ കൂടി പരിഗണിച്ചായിരുന്നു ഈ തീരുമാനം.