നിപ പകര്‍ന്നത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍ നിന്നെന്ന് സംശയം

സംസ്ഥാനത്ത് രണ്ടാം തവണയും നിപാ വരാന്‍ കാരണം വവ്വാല്‍ കടിച്ച പേരയ്ക്കയില്‍ നിന്നാണെന്ന സംശയം. അന്വേഷണം നടത്തുന്ന കേന്ദ്ര സംഘമാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.

എന്നാല്‍, ഇത് പ്രാഥമികമായ നിഗമനം മാത്രമാണെന്നും യുവാവ് കഴിച്ച പേരയ്ക്ക വവ്വാല്‍ കടിച്ചതാണോയെന്ന് വ്യക്തമല്ലെന്നും കേന്ദ്രസംഘം പറയുന്നു. യുവാവിന്റെ വീട്ടിലും പരിസര പ്രദേശങ്ങളിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വിഗദഗ്ധ സംഘം പരിശോധന നടത്തിയിരുന്നു.

രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് ഇയാള്‍ പേരയ്ക്ക കഴിച്ചിരുന്നുവെന്ന് കേന്ദ്ര സംഘം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്ന നിലപാടിലാണ് കേന്ദ്രസംഘം.

സംസ്ഥാനത്ത് നിപാ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ കേരളത്തിലെത്തിയ കേന്ദ്ര വിദഗ്ധ സംഘം രോഗബാധിതനായ വിദ്യര്‍ഥിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് താന്‍ പേരയ്ക്ക കഴിച്ചിരുന്നുവെന്ന് വിദ്യാര്‍ഥി വ്യക്തമാക്കിയത്.

പഴംതീനി വവ്വാലുകളാണ് നിപാ വൈറസിന്റെ വാഹകര്‍. ഇവയുടെ സ്രവങ്ങള്‍ വഴിയാണ് നിപാ വൈറസ് പകരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അതേസമയം, യുവാവിന്റെ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറായി പനിയില്ല. ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതിയുള്ളതായി കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുള്ളയും അറിയിച്ചു. യുവാവിനിപ്പോള്‍ പരസഹായമില്ലാതെ നടക്കാനാകും. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടില്ല. നന്നായി ഉറങ്ങാനും കഴിയുന്നുണ്ട്.

നിപ സംശയത്തെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഏഴുരോഗികളുടെയും സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിപയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ആരോഗ്യനിലയും തൃപ്തികരമാണ്. ഐസോലേഷന്‍ വാര്‍ഡിലെ എല്ലാവരുടെയും ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്.

ഇവരില്‍ ഒരാളെ ഇന്നലെ വാര്‍ഡിലേക്ക് മാറ്റി. എറണാകുളം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം പരിശോധിച്ച 5 സാമ്പിളുകളും നെഗറ്റീവാണെന്നും ഇന്നലെ 10 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കെടുത്തിട്ടുണ്ടെന്നും എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു.