ശബരിമലയില്‍ യുവതി പ്രവേശനം ; സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റി : വെള്ളാപ്പള്ളി നടേശന്‍
ശബരിമലയില്‍ യുവതി പ്രവേശനത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുപ്രീം കോടതി വിധി നടപ്പാക്കിയതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ട് എന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ അന്തിമവിധി വരുന്നതുവരെ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതെ കാത്തിരിക്കുകയാണ് വേണ്ടത് എന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയില്‍ മാത്രം ആരോപിക്കുന്നത് ശരിയല്ല. തോല്‍വിയില്‍ ഇടതുമുന്നണിക്ക് കൂട്ടുത്തരവാദിത്തം ഉണ്ട്. മുന്നണിക്ക് തിരിച്ചുവരാന്‍ കഴിയണമെങ്കില്‍ പിന്നാക്ക ആഭിമുഖ്യം കൂട്ടണമെന്നും വെള്ളാപ്പള്ളി നടേശന്‍ കണിച്ചുകുളങ്ങരയില്‍ പറഞ്ഞു.
ശബരിമല വിഷയം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ വിലയിരുത്തിയിരുന്നു. ശബരിമലയിലെ നിലപാട് വിശ്വാസികളെ വേദനിപ്പിച്ചുവെന്നും വനിതാ മതിലിന് തൊട്ടടുത്ത ദിവസം യുവതികള്‍ മല ചവുട്ടിയത് സ്ത്രീ വോട്ടുകള്‍ നഷ്ടപ്പെടുത്തിയെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പൊലീസ് നടപടികള്‍ വിശ്വാസികളെ വേദനിപ്പിച്ചുവെന്നും വിശ്വാസികളെ തിരികെയെത്തിക്കണമെന്നും യോഗം വിലയിരുത്തിയിരുന്നു. എല്‍ജെഡിയാണ് ഇതു സംബന്ധിച്ച വിമര്‍ശനം പ്രധാനമായും ഉന്നയിച്ചത്.