അരുണാചല്‍ ; വ്യോമസേനാ വിമാനം തകര്‍ന്നു മരിച്ചവരുടെ മൃതദേഹം ലഭിച്ചു
അരുണാചല്‍ പ്രദേശില്‍ തകര്‍ന്നു വീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്ന് മലയാളി സൈനികരടക്കം 13 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ അരുണാചല്‍ പ്രദേശിലെ ലിപ്പോ പ്രദേശത്ത് നിന്നാണ് മ്യതദേഹങ്ങളും ബ്ളാക്ക് ബോക്സും കണ്ടെത്തിയത്.
ജൂണ്‍ 3 ന് ഉച്ചയോടെയാണ് അസമില്‍ നിന്നും അരുണാചല്‍ പ്രദേശിലേക്കുള്ള യാത്രയ്ക്കിടെ 13 യാത്രക്കാരുമായി വ്യോമസേനയുടെ എഎന്‍ 32 വിമാനം കാണാതായത്. പറന്നുയര്‍ന്ന് അരമണിക്കൂറിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.
തുടര്‍ന്ന് എട്ട് ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് അരുണാചല്‍ പ്രദേശിലെ ലിപ്പോ മേഖലയില്‍ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വ്യോമസേന കണ്ടെത്തിയത്. വിമാനം തകര്‍ന്ന് വീണ ഭാഗം കൊടുംകാടായതും മോശം കാലാവസ്ഥയും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു.
ഇന്ന് രാവിലെ ഈ പ്രദേശത്ത് പാരച്യൂട്ട് വഴി തിരച്ചില്‍ സംഘത്തെ ഇറക്കി നടത്തിയ തിരച്ചിലിനൊടുവിലാണ് വിമാനത്തില്‍ ഉണ്ടായിരുന്ന പതിമൂന്ന് പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയത്. മ്യതദേഹങ്ങള്‍ ഹെലികോപ്റ്റര്‍ വഴി അവിടെ നിന്ന് കൊണ്ടു പോകും.
വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി ഇന്ന് രാവിലെ വ്യോമസേന സ്ഥിരീകരിച്ചിരുന്നു. തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി വിനോദ്, കൊല്ലം അഞ്ചല്‍ സ്വദേശി അനൂപ് കുമാര്‍, കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി എന്‍ കെ ഷരിന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളി സൈനികര്‍. മരിച്ച വൈമാനികരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായി വ്യോമ സേന അറിയിച്ചു.