സീറോ മലബാര്‍ കമ്മ്യൂണിറ്റി ഡേയും, ഇടവകത്തിരുനാളും വിയന്നയില്‍

വിയന്ന: ഓസ്ട്രിയയിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്റെ കമ്മ്യൂണിറ്റി ഡേയും, ഇടവകത്തിരുനാളും സംയുകതമായി ആഘോഷിക്കും. ജൂണ്‍ 23ന് ഇടവക കേന്ദ്രമായ മൈഡ് ലിംഗ് ദേവാലയത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാനയും പ്രദക്ഷിണവും നേര്‍ച്ചയും ഉണ്ടായിരിക്കും.

വിശുദ്ധ തോമാശ്ലീഹായുടേയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും, വിശുദ്ധ ചാവറയച്ചന്റേയും, വിശുദ്ധ എവുപ്രേസ്യമ്മയുടേയും ഓര്‍മ്മത്തിരുനാള്‍ ലൂര്‍ദ്ദ് മാതാവിന്റെ മധ്യസ്ഥതയില്‍ ഇടവകദിനമായി ആചരിക്കും. ഫാ. വില്‍സണ്‍ മേച്ചേരില്‍ എം.സി.ബി.എസ് മുഖ്യകാര്‍മ്മികനാകുന്ന വിശുദ്ധ കുര്‍ബാനയില്‍ മോണ്‍. ഡോ. ജോര്‍ജ് പനംതുണ്ടില്‍ തിരുനാള്‍ സന്ദേശം നല്‍കും. അലക്‌സ് മൈക്കിള്‍ വിലങ്ങാട്ടുശ്ശേരില്‍ (കോഓര്‍ഡിനേറ്റര്‍), അബി കൊച്ചുപറമ്പില്‍, ബിനോയ് കുന്നുംപുറത്ത്, ജോര്‍ജ് വടക്കുംചേരില്‍, ജോബി എടപ്പള്ളിച്ചിറയില്‍, സ്റ്റീഫന്‍ പുത്തന്‍പുരയില്‍, സണ്ണി അരീച്ചിറകാലയില്‍, സണ്ണി കിഴക്കേടശ്ശേരില്‍, ടോമി പീടികപ്പറമ്പില്‍, തോമസ് പടിഞ്ഞാറേകാലയില്‍ എന്നിവര്‍ ഈ വര്‍ഷത്തെ പ്രസിദേന്തിമാരാകും.

ജൂണ്‍ 23ന് (ഞായര്‍) ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് തിരുനാള്‍ ആഘോഷത്തിന് തുടക്കമാകും. വിയന്ന അതിരൂപതയുടെ സഹായ മെത്രാന്‍ ഫ്രാന്‍സ് ഷാള്‍ തിരുനാള്‍ പ്രദക്ഷിണം നയിക്കും. തുടര്‍ന്ന് നേര്‍ച്ച വിളമ്പോടുകൂടി തിരുനാളിന് സമാപനമാകും. വികാരി ഡോ. ഫാ. തോമസ് താണ്ടപിള്ളിയോടൊപ്പം, ഫാ. വില്‍സണ്‍ മേച്ചേരില്‍, ജനറല്‍ കണ്‍വീനര്‍ ബോബന്‍ കളപ്പുരയ്ക്കല്‍എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് ക്രമീകരണങ്ങള്‍ ഒരുക്കും.