ഭീകരവാദത്തിനെതിരെ ഉറച്ച നിലപാട് എന്ന് ഷാങ്ഹായ് ഉച്ചകോടിയില്‍ നരേന്ദ്രമോദി

ഭീകരവാദത്തെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും ഭീകരവാദ മുക്ത സമൂഹത്തിന് രാജ്യാന്തര സംഘടനകള്‍ ശ്രമിക്കണമെന്നും, ഭീകരവാദത്തിനെതിരെ രാജ്യന്തര സമ്മേളനം വിളിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കിര്‍ഗിസ്ഥാനിലെ ബിഷ്‌കേകില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ ലോക നേതാക്കളെ അഭിവാദനം ചെയ്തു സംസാരിക്കവേ ആണ് പ്രധാനമന്ത്രി ഇക്കാര്യം ഊന്നിപ്പറഞ്ഞത്.

പാക്കിസ്ഥാന്റെ പേര് പരമാര്‍ശിക്കാതെയായിരുന്നു ഭീകരവാദത്തിനെതിരെയുള്ള ഭാരതത്തിന്റെ ശക്തമായ സന്ദേശം മോദി അറിയിച്ചത്. തന്റെ ശ്രീലങ്ക സന്ദര്‍ശനത്തിനിടെ ഭീകരവാദത്തിന്റെ ഞെട്ടിക്കുന്ന മുഖം താന്‍ കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഭീകരതയെ നേരിടാന്‍ എല്ലാവരും ഒന്നിച്ചുചേരേണ്ടത് ആവശ്യമാണ് എന്നദ്ദേഹം പറഞ്ഞു. ഭീകരത ദിനം പ്രതി നിരപരാധികളുടെ ജീവനെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമാന്‍ ഖാനും പങ്കെടുത്ത വേദിയിലായിരുന്നു പ്രധാനമന്ത്രി ഭീകരവാദത്തിനെതിരെ ഭാരതത്തിന്റെ നിലപാട് അറിയിച്ചത്. ഹിന്ദിയിലായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം. അതേസമയം ഇന്ത്യ-പാക് അസ്വാരസ്യം ഷാങ്ഹായ് ഉച്ചകൊടിയിലും പ്രകടമായി.

ഉച്ചകോടിക്കിടെ തമ്മില്‍ കണ്ടിട്ടും ചര്‍ച്ച നടത്താനോ ഹസ്തദാനം ചെയ്യാനോ കൂട്ടാക്കാതെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ലോക് രാഷ്ട്രങ്ങളുടെയിടയില്‍ ചര്‍ച്ചാവിഷയമായി.

ഉച്ചകോടിയുടെ ആദ്യ സെഷന് മുന്നോടിയായി നടന്ന ഫോട്ടോ ഷൂട്ടിലും ഇമ്രാന്‍ഖാനെ അഭിവാദ്യം ചെയ്യാന്‍ മോദി തയ്യാറായില്ല. ഇന്നലെ നടന്ന അത്താഴ വിരുന്നിലും ഇരുനേതാക്കളും ഒരുമിച്ച് ഉണ്ടായിരുന്നെങ്കിലും അനൗപചാരിക സൗഹൃദ വിനിമയത്തിന് പോലും തയ്യാറായില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഉച്ചകോടിക്കിടെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂറോണ്‍ബായ് ജീന്‍ബെകോവ് നല്‍കിയ വിരുന്നിലാണ് ഇരുനേതാക്കളും ഒരുമിച്ച് പങ്കെടുത്തത്.

അതേസമയം രണ്ട് ആണവശക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വിഷയം പരിഹരിക്കാന്‍ ചര്‍ച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഭീകരവാദത്തിനെതിരെ ഇന്ത്യ മുന്നോട്ട് വച്ച നിലപാടിനെ കുറിച്ച് അഭിപ്രായം പറയാന്‍ ഇമ്രാന്‍ ഖാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ടു തന്നെ രാജ്യാന്തര മധ്യസ്ഥതയില്‍ ചര്‍ച്ചയാകാമെന്ന പാക് നിര്‍ദ്ദേശം ഇന്ത്യക്ക് സ്വീകാര്യമല്ല. പാക്കിസ്ഥാന്‍ ഭീകരവാദികളെ സഹായിക്കുന്ന നിലപാട് മാറ്റാതെ ചര്‍ച്ചയില്ലെന്ന് മോദി അറിയിച്ചു.