തമ്മിലടിയും വാക് പോരും ഒഴിയാതെ കേരളാ കോണ്‍ഗ്രസ്
കേരള കോണ്‍ഗ്രസ്സിലെ തര്‍ക്ക പരിഹാരത്തിന് പിജെ ജോസഫ് മുന്നോട്ട് വച്ച സമവായ ഫോര്‍മുല തള്ളി ജോസ് കെ മാണി പക്ഷം. സി.എഫ് തോമസ് ചെയര്‍മാനാകുന്നതില്‍ എതിര്‍പ്പില്ലെന്നും ജോസ് കെ മാണിയെ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് അംഗീകരിക്കാമെന്നും പിജെ ജോസഫ് വ്യക്തമാക്കി. പി.ജെ ജോസഫ് നിയമസഭാ കക്ഷി നേതാവാകും. എന്നാല്‍ ജോസഫിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ തള്ളി ജോസ് കെ മാണി രംഗത്തെത്തി. ചെയര്‍മാനെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.
സിഎഫ് തോമസിനെ ചെയര്‍മാനും ജോസഫിനെ വര്‍ക്കിംഗ് ചെയര്‍മാനും നിയമസഭാകക്ഷിനേതാവും ജോസ് കെ മാണിയെ ഡെപ്യൂട്ടി ചെയര്‍മാനുമാക്കാനുമായിരുന്നു പിജെ ജോസഫിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഇത് ഒരു ഘട്ടത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ജോസ് കെ മാണി. സമവായ ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളിലാണ് നടത്തേണ്ടെതെന്നും സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യത്തില്‍ പിന്നോട്ടില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.
സിഎഫ് തോമസിനെ മുന്‍നിര്‍ത്തി പാര്‍ട്ടി കൈപ്പിടിയില്‍ ഒതുക്കാനായിരുന്നു പിജെ ജോസഫിന്റെ നീക്കം. സിഎഫ് ചെയര്‍മാനാകാട്ടെ എന്ന ഫോര്‍മുല മുന്നോട്ട് വച്ചപ്പോള്‍ ജോസ് കെ മാണി പക്ഷത്തെ ഒരുവിഭാഗത്തെ കൂടി ഒപ്പം നിര്‍ത്താനും പിജെ ജോസഫിന് കഴിഞ്ഞു. അതേ സമയം ഡെപ്യൂട്ടി ചെയര്‍മാന്‍ പദവിയോട് ജോസ് കെ മാണിക്ക് യോജിപ്പില്ല. മാത്രമല്ല പാര്‍ട്ടി യോഗങ്ങള്‍ വിളിക്കാന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും മാധ്യമങ്ങളിലൂടെ സമവായ ഫോര്‍മുല മുന്നോട്ട് വച്ചതില്‍ ജോസ് കെമാണി വിഭാഗത്തിന് കടുത്ത പ്രതിഷേധമുണ്ട്.
തിരുവനന്തപുരത്ത് ഉടന്‍ തന്നെ അനൗപചാരിക യോഗം വിളിച്ചുള്ള സമവായത്തിനാണ് ജോസഫ് പക്ഷത്തിന്റെ ശ്രമം. പക്ഷെ സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെ ആത്മവിശ്വാസത്തിലാണ് ജോസ് കെ മാണിയുടെ നീക്കങ്ങള്‍. ജോസഫ് പക്ഷം യോഗം വിളിച്ചാല്‍ ബദല്‍ യോഗത്തിനുള്ള നീക്കങ്ങളും ജോസ് കെ മാണി പക്ഷം സജീവമാക്കുന്നുണ്ട്.
സമവായം പരസ്യ പ്രസ്താവനയിലൂടെ നടത്തുകയല്ല വേണ്ടത്. മറിച്ച് ഒന്നിച്ചിരുന്ന് തീരുമാനമെടുക്കണം. സമവായം സാധ്യമായില്ലെങ്കില്‍ ചെയര്‍മാനെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി വിട്ടു വീഴ്ചയ്ക്ക് തയ്യാറല്ലെന്ന് നേരത്തെ ഇരുപക്ഷവും നിലപാടെടുത്തിരുന്നു.
മധ്യസ്ഥര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. സംസ്ഥാന കമ്മിറ്റിയോഗം വിളിക്കണമെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ പ്രധാന ആവശ്യം. എന്നാല്‍ സമവായം ഉണ്ടാകാതെ സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്നാണ് പി.ജെ ജോസഫിന്റെ നിലപാട്.