കേളി അന്താരാഷ്ട്ര കലാമേളയ്ക്ക് സ്വിറ്റ്സര്‍ലണ്ടില്‍ വര്‍ണ്ണാഭമായ സമാപ്തി
സൂറിച്ച്: ഭാരതത്തിന് വെളിയില്‍ വച്ച് നടക്കുന്ന ഏറ്റവും വലിയ യുവജനോത്സവമായ കേളി അന്താരാഷ്ട കലാമേളയ്ക്ക് നിറപ്പകിട്ടാര്‍ന്ന പരിസമാപ്തി. ജൂണ്‍ 8, 9 തീയതികളില്‍ സൂറിച്ചില്‍ വച്ചായിരുന്നു കേളിയുടെ അന്താരാഷ്ട കലാമേള അരങ്ങേറിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുമെത്തിയ മുന്നൂറിലധികം മത്സരാര്‍ത്ഥികള്‍ രണ്ടു ദിനരാത്രങ്ങള്‍ ഇന്ത്യന്‍ കലകള്‍ മത്സരത്തിലൂടെ മാറ്റുരച്ചു. നൃത്തനൃത്യേതര ഇനങ്ങളില്‍ ആയി പന്ത്രണ്ട് ഇനങ്ങളില്‍ ആണ് മത്സരങ്ങള്‍ അരങ്ങേറിയത്. മീഡിയ ഈവന്റ് ആയ സൂപ്പര്‍ ഷോര്‍ട്ട് ഫിലിമും, ഓപ്പണ്‍ പെയിന്റിങ്ങും ഫോട്ടോഗ്രാഫിയും അരങ്ങേറി.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടി സ്വിറ്റ്സര്‍ലണ്ടില്‍ നിന്നുള്ള കുമാരി ശിവാനി നമ്പ്യാര്‍ സൂര്യാ ഇന്ത്യ കലാതിലകം കിരീടം നേടി. സബ് ജൂനിയറില്‍ ഫാന്‍സി ഡ്രസ്സ്, നാടോടി നൃത്തം, ഭരതനാട്യം എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് ശിവാനി കലാമേളയില്‍ താരോദയം ചെയ്തത്
നൃത്ത്യേതര ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ഗ്രെയ്സ് മരിയ ജോസ് ഫാ. ആബേല്‍ മെമ്മോറിയല്‍ കിരീടവും നേടി. പ്രസംഗം, ഫാന്‍സി ഡ്രസ്സ്, മോണോ ആക്റ്റ് എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയാണ് അയര്‍ലണ്ടില്‍ നിന്നും വന്ന ഗ്രെയ്സ് മരിയ ജോസ് തിളങ്ങിയത്.
ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ്, നാടോടി നൃത്തം, മോഹിനിയാട്ടം എന്നീ നൃത്ത ഇനങ്ങളില്‍ സമ്മാനം നേടി തിളങ്ങിയ ജാനറ്റ് ചെത്തിപ്പുഴ കേളി കലാരത്‌ന തിലകവും നേടി. കഴിഞ്ഞ വര്‍ഷത്തെ കലാമേളയില്‍ സ്വിറ്റ്സര്‍ലണ്ടില്‍ നിന്ന് തന്നെയുള്ള ജാനറ്റായിരുന്നു കലാതിലക പട്ടം നേടിയത്.
കുച്ചുപ്പിടിയിലും ഭരതനാട്യത്തിലും ഒന്നാം സ്ഥാനവും സോളോ സോങ്ങില്‍ രണ്ടാം സ്ഥാനവും നാടോടി നൃത്തത്തില്‍ മൂന്നാം സ്ഥാനവും നേടിയ വര്‍ഷ മാടനും കലാമേളയില്‍ തിളങ്ങിയ പ്രതിഭയായി.
മിനീസില്‍ ഫാന്‍സി ഡ്രസിലും കഥ പറച്ചിലിലും ഒന്നാം സ്ഥാനം നേടി ഡാനപ്പന്‍ കാച്ചപ്പിള്ളിയും ജൂനിയര്‍ ഫാന്‍സിഡ്രസ്സിലും സോളോ സോങിലും ഒന്നാം സ്ഥാനം നേടി സിയാന്‍ തൊട്ടിയിലും മേളയില്‍ തിളങ്ങിനിന്നു.
ഫോട്ടോഗ്രഫിയിലും ഷോര്‍ട്ട് ഫിലിമിലും സമ്മാനം നേടി മോനിച്ചന്‍ കളപ്പുരക്കലും (ഓസ്ട്രിയ) ശ്രദ്ധ നേടി.ഷോര്‍ട് ഫിലിമില്‍ ജനപ്രിയ അവാര്‍ഡും ജൂറി അവാര്‍ഡും ഫൈസല്‍ കാച്ചപ്പള്ളി നേടി. വളരെ ശക്തിയേറിയ മത്സരം നടന്ന മറ്റൊരു ഇനമായിരുന്നു സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സ്. സബ് ജൂനിയര്‍, ജൂനിയര്‍ തലത്തില്‍ ബോളിവുഡ് ഗ്രൂപ്പ് നൃത്തം അരങ്ങേറി.
ഇന്ത്യന്‍ എംബസ്സിയുടെയും സൂര്യ ഇന്ത്യയുടേയും പിന്തുണയോടെയാണ് സ്വിറ്റ്സര്‍ലണ്ടില്‍ കേളി അന്താരാഷ്ട്ര കലാമേള നടക്കുന്നത്.
ഇന്ത്യന്‍ എംബസ്സി ബേണിലെ സെക്രട്ടറി റോഷ്നി അഭിലാഷ് ഐ.എഫ്.എസ് മുഖ്യാതിഥി ആയിരുന്നു.
എല്ലാ വിജയികള്‍ക്കും ട്രോഫികളും കേളി സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിച്ചു. കേളി പ്രസിഡണ്ട് ബെന്നി പുളിക്കല്‍ സ്വാഗതവും സെക്രട്ടറി ദീപ മേനോന്‍ ആശംസയും ജനറല്‍ കണ്‍വീനര്‍ റീന അബ്രാഹം നന്ദിയും പറഞ്ഞു.